WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, November 11, 2011

അഞ്ചുമരുതുംമൂട് ആനക്കൂട്ടത്തിന്റെ ആവാസകേന്ദ്രം


വിതുര: പേപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അഞ്ചുമരുതുംമൂട് മേഖല ആനക്കൂട്ടത്തിന്റെ പറുദീസയായി മാറി. നേരത്തേ മൂന്നുപേരെ ഇൌ മേഖലയില്‍ കാട്ടാനകള്‍ വകവരുത്തിയിട്ടുണ്ട്.  അപ്പുക്കുട്ടന്‍കാണിയുടെ ജഡം കിടന്ന ഭാഗത്ത് ആനക്കൂട്ടം താണ്ഡവമാടിയതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാണ്. ധാരാളം ഇൌറ്റ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ ആനകള്‍ തീറ്റ തേടിയെത്തുന്നതിവിടെയാണ്. തൊട്ടടുത്തു നീര്‍ച്ചാലുമുണ്ട്. നല്ല തണുപ്പുമുള്ള സ്ഥലമായതിനാല്‍ ആനക്കൂട്ടം ഇവിടെയാണു പതിവായി തമ്പടിക്കുന്നത്.

കാട്ടാനകള്‍ വിഹരിക്കുന്ന ആനത്താരയില്‍ കൂടിയാണ് ആദിവാസികളും സഞ്ചരിക്കുന്നത്. പൊടിയക്കാലയില്‍നിന്നു പെട്ടെന്നു പേപ്പാറ റോഡില്‍ കയറാന്‍ കഴിയുന്നതിനാലാണ് ആനപ്പേടിക്കിടയിലും ആദിവാസികള്‍ ഇൌ റോഡിലൂടെ സഞ്ചരിക്കുന്നത്.  പകല്‍പോലും ചങ്കിടിപ്പോടുകൂടി മാത്രമേ ഇതുവഴി നടന്നുപോകാന്‍ കഴിയുകയുള്ളു.  അഞ്ചുമരുതുംമൂട്ടില്‍നിന്ന് അര മണിക്കൂര്‍ കൊടുംകാട്ടിലൂടെ നടന്നാല്‍ പൊടിയക്കാലയിലെത്താം.  വിദ്യാര്‍ഥികളും മറ്റും ആനക്കൂട്ടം വിഹരിക്കുന്ന ഭാഗത്തുകൂടി ജീവന്‍ പണയംവച്ചു നടന്നാണു വര്‍ഷങ്ങളായി സ്കൂളില്‍ എത്തുന്നത്.

അനവധി തവണ കുട്ടികളെ ആനകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഭാഗ്യംകൊണ്ടാണു മിക്കപ്പോഴും രക്ഷപ്പെടാറുള്ളത്. അപ്പുക്കുട്ടന്‍കാണി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു തിരുവനന്തപുരം ഡിഎഫ്ഒ: പുകഴേന്തിയും നെടുമങ്ങാട് തഹസില്‍ദാര്‍ ഡേവിഡ്ജോണും നെടുമങ്ങാട് ഡിവൈഎസ്പി: മുഹമ്മദ്ഷാഫിയും അഞ്ചുമരുതുംമൂട്ടില്‍
എത്തി ആദിവാസികളുമായി ചര്‍ച്ച നടത്തിയിരുന്നു. തകര്‍ന്നു കിടക്കുന്ന അഞ്ചുമരുതുംമൂട്-പൊടിയക്കാല റോഡ് പുനര്‍നിര്‍മിക്കാമെന്നും വെളിച്ചമെത്തിക്കാനുള്ള വനംവകുപ്പിന്‍െറ തടസ്സം നീക്കാമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പൊടിയക്കാല സന്ദര്‍ശിച്ചപ്പോള്‍ ആനശല്യംമൂലം വിദ്യാര്‍ഥികള്‍ക്കു സ്കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് ആദിവാസികള്‍ അറിയിച്ചു. വനംവകുപ്പിന്‍െറ ജീപ്പില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നു വനപാലകര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ ജീപ്പ് ചലിച്ചില്ല. അപ്പുക്കുട്ടന്‍കാണിയുടെ മരണത്തെ തുടര്‍ന്നു കുട്ടികളെ ജീപ്പില്‍ സ്കൂളിലെത്തിക്കുമെന്നു ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ച അപ്പുക്കുട്ടന്‍കാണിയുടെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആദിവാസി മഹാസഭ പൊടിയക്കാല യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.