വിതുര: ഒരിടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ പൊടിയക്കാലയിലെ ആദിവാസികള്‍ ഭീതിയുടെ നിഴലിലായി.ഏതാനും മാസങ്ങളായി ആനക്കൂട്ടം പൊടിയക്കാല, അഞ്ചുമരുതുംമൂട് മേഖലയില്‍ ഭീതിപരത്തി വിഹരിക്കുകയായിരുന്നു. പൊടിയക്കാലയില്‍ നിന്നു വിതുരയിലേക്കു പുറപ്പെട്ട ആദിവാസികളെ ഒന്നിലധികം തവണ കാട്ടാനക്കൂട്ടം വഴിമധ്യേ ഒാടിച്ചിരുന്നു. പലരും ആനയുടെ ആക്രമണത്തില്‍ നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. മഴകനത്തതോടെ ആനശല്യം രൂക്ഷമായി. ആദിവാസികള്‍ കൃഷിയിറക്കിയിരുന്ന വിളകള്‍ വ്യാപകമായി നശിപ്പിച്ചു.
റബര്‍ കൃഷിയും തകര്‍ത്തു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയവരെയും ആനക്കൂട്ടം ഒാടിച്ചു. ഇതോടെ കാട്ടുകിഴങ്ങിനെയും മറ്റും ആശ്രയിച്ചു വിശപ്പടക്കുന്ന ആദിവാസികള്‍ ദുരിതത്തിലായി. പകല്‍പോലും വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ആദിവാസികള്‍ പറയുന്നു. ആനശല്യം രൂക്ഷമായതോടെ പൊടിയക്കാലയിലെ വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍ അന്യമായി. നേരത്തേ മീനാങ്കല്‍,വിതുര സ്കൂളുകളിലേക്കു പുറപ്പെട്ട വിദ്യാര്‍ഥികളെ ആനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഒാടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.
ഇതിനു ശേഷം രക്ഷാകര്‍ത്താക്കള്‍ വിദ്യാര്‍ഥികളെ പേപ്പാറ റോഡ് വരെ കൊണ്ടുവിടുകയും തിരികെ വിളിച്ചുകൊണ്ടുപോകുകയും ചെയ്യുമായിരുന്നു. പൊടിയക്കാല
മേഖലയെ വിറപ്പിക്കുകയും അനവധി പേരെ വകവരുത്തുകയും ചെയ്ത കൊലകൊല്ലി എന്ന ഒറ്റയാന്‍ ആനയെ അഞ്ചു വര്‍ഷം മുന്‍പു വനപാലകര്‍ പിടികൂടിയിരുന്നു. പരിശീലനത്തിനിടയില്‍ കൊലകൊല്ലി ചരിഞ്ഞു. 2006 ജൂണ്‍ ഒന്നിനാണു കൊലകൊല്ലിയെ വനപാലകര്‍ പിടികൂടി ആനക്കൊട്ടിലില്‍ അടച്ചത്. ജൂണ്‍ പതിനാറിനു ചരിഞ്ഞു. പൊടിയക്കാല മേഖലയില്‍ ഏറെ നാശം വിതച്ച കൊലകൊല്ലിയുടെ ചരമവാര്‍ഷികദിനം ഇപ്പോഴും ആദിവാസികള്‍ ആചരിക്കാറുണ്ട്.
നെല്ലിക്കപ്പാറയില്‍ കൊലകൊല്ലിയെ ദഹിപ്പിച്ച കുഴിക്കരികെ എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിന് ആദിവാസികള്‍ വിളക്ക് കൊളുത്തുകയും പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്. കൊലികൊല്ലി ചരിഞ്ഞതിനു ശേഷം നാലു വര്‍ഷത്തോളം ഇവിടെ ആനശല്യം കുറവായിരുന്നു. അടുത്തിടെ വനവല്‍ക്കരണവും മറ്റും നടത്തിയതോടെ ആനശല്യവും വര്‍ധിച്ചു. ഒടുവില്‍ പൊടിയക്കാല സ്വദേശിയായ അപ്പുക്കാണിയുടെ ജീവന്‍കൂടി കാട്ടാന കവര്‍ന്നെടുത്തു.

