വിതുര: ‘ആനശല്യം തടയാന്‍ നടപടി സ്വീകരിക്കാതെ അപ്പുക്കാണിയുടെ മൃതദേഹത്തില്‍ തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. കുട്ടികള്‍ ഭയന്നു വിറച്ചാണു സ്കൂളിലേക്കു പോകുന്നത്. മന്ത്രിമാര്‍ അനവധി തവണ പൊടിയക്കാലയില്‍ വന്നെങ്കിലും ആദിവാസികളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയില്ല. മരിച്ചവരെ തിരിച്ചുതരാന്‍ നിങ്ങള്‍ക്കു കഴിയുമോ?. മന്ത്രിയും കലക്ടറും വരാതെ ആരും ജഡത്തില്‍ തൊട്ടുപോകരുത്.”: അഞ്ചുമരുതുംമൂട്ടില്‍ തടിച്ചുകൂടിയ ക്ഷുഭിതരായ ആദിവാസികള്‍ പൊട്ടിത്തെറിച്ചു.
പേപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അഞ്ചുമരുതുംമൂട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പൊടിയക്കാല അപ്പുക്കാണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ വിതുരയില്‍ നിന്നെത്തിയ പൊലീസ് സംഘത്തിനു നേരെ ആദിവാസികള്‍ പ്രതികരിച്ചതിങ്ങനെയാണ്. പൊലീസിനെ മൃതദേഹത്തില്‍ തൊടാന്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്നു സ്ഥലത്തു സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഡിഎഫ്ഒയും ഡിവൈഎസ്പിയും തഹസില്‍ദാരും എത്തിയപ്പോഴും ആദിവാസികള്‍ പ്രകോപിതരായി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.
ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വകുപ്പുമന്ത്രിയുമായും സ്പീക്കറുമായും ചര്‍ച്ചചെയ്തു പൊടിയക്കാലയിലേക്ക് ഉടന്‍
വൈദ്യുതി എത്തിക്കാന്‍ നടപടി സ്വീകരിക്കാമെന്നും, വിദ്യാര്‍ഥികള്‍ക്കു സ്കൂളിലെത്താന്‍ രാവിലെയും വൈകിട്ടുമായി ജീപ്പ് സര്‍വീസ് നടത്താമെന്നും, പൊടിയക്കാലയിലേക്കു താമസിയാതെ ബസ് സര്‍വീസ് ആരംഭിക്കാമെന്നും ഉറപ്പ് ലഭിച്ചപ്പോള്‍ ആദിവാസികള്‍ ഉപരോധസമരം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി അപ്പുക്കാണിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇതോടെ സംഘര്‍ഷാവസ്ഥക്ക് അയവു വന്നു.
ഇന്നലെ രാവിലെ അഞ്ചുമരുതുംമൂട് ജഡം കിടന്ന സ്ഥലത്ത് ആനക്കൂട്ടം താണ്ഡവമാടിയതിന്‍െറ ലക്ഷണങ്ങള്‍ ദൃശ്യമാണ്.അപ്പുക്കാണിയെ ആന എടുത്തെറിഞ്ഞപ്പോള്‍ മരത്തിലിടിച്ച് ദേഹത്ത് മുറിവുണ്ടായതായി പൊലീസ് അറിയിച്ചു.ദേഹത്ത് പാടുകള്‍ കാണാം. അപ്പുക്കാണിയുടെ കുടുംബത്തിലെ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി, വൈസ് പ്രസിഡന്റ് ജെ. സുരേഷ്കുമാര്‍, സെക്രട്ടറി എം.നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

