പെരിങ്ങമ്മല: പെരിങ്ങമ്മല വിഷ്ണുക്ഷേത്രം - കട്ടയ്ക്കാല്‍ റോഡ് ചെളിക്കെട്ട് നിറഞ്ഞ് യാത്ര ദുരിതപൂര്‍ണമാകുന്നു. കാല്‍നടപോലും അസാധ്യമായിത്തീര്‍ന്ന ഇവിടെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് യാതൊരു പദ്ധതികളുമില്ല. ഗ്രാമപ്പഞ്ചായത്തോഫീസിന്റെ സമീപത്താണെങ്കിലും റോഡിന് ശാപമോക്ഷമില്ല.
2006-ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അതിനുശേഷം റോഡ് കൂടുതല്‍ ചെളിക്കെട്ടായി തീര്‍ന്നുവെന്ന് കാല്‍നടയാത്രക്കാര്‍. പെരിങ്ങമ്മല ചന്ത, വിഷ്ണുക്ഷേത്രം, അങ്കണവാടി, പുതിയപള്ളി എന്നിവിടങ്ങളിലെല്ലാം എത്തുന്നവര്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്.
ചെളിക്കെട്ട് നിറഞ്ഞതോടെ യാത്ര ദുരിതമയമായി. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ വരുന്നവരുമാണ് ഏറ്റവുമധികം ദുരിതം പേറുന്നത്. പ്രതിദിനം നൂറുകണക്കിന് ആള്‍ക്കാര്‍ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. പാര്‍ശ്വഭിത്തിയും കലുങ്കും നിര്‍മിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.


