പാലോട്: ഡെയ്‌സി തപ്പിപ്പിടിച്ചെങ്കിലും നടക്കും. എന്നാല്‍ ബാബുവിന് അതിനുമാവുന്നില്ല. രണ്ട് ഊന്നുവടിയുടെ സഹായം വേണം ബാബുവിന് നിവര്‍ന്നുനില്‍ക്കാന്‍. ഇടിഞ്ഞുവീഴാറായ വീട്ടില്‍ പട്ടിണിയും ദുരിതവും രോഗവുമായിക്കഴിയുന്ന ഇടിഞ്ഞാര്‍ കിഴക്കുംകര വീട്ടില്‍ ബാബു (52)വിന്റെയും സഹോദരി ഡെയ്‌സി (47)യുടെയും ജീവിതം സമാനതകളില്ലാത്ത വേദനയാകുന്നു.
രണ്ടാളും തനിച്ചാണ് വീട്ടില്‍. വീടെന്നു പറയാന്‍ ഒന്നുമില്ല. പച്ചക്കട്ട കൊണ്ട് കെട്ടിയ ചെറിയ രണ്ട് മുറികള്‍, മേല്‍ക്കൂര ഏതുസമയത്തും താഴെ വീഴാം. വെള്ളപ്പൊക്കത്തില്‍ ഉണ്ടായിരുന്ന വീട് ഒലിച്ചുപോയപ്പോള്‍ കിട്ടിയ വീടാണിത്.
ബാബുവിന്റെ കാലുകള്‍ വളഞ്ഞ് നടക്കാനാകാത്ത സ്ഥിതിയിലെത്തി. എഴുന്നേറ്റുനിന്നാല്‍ അസ്ഥികള്‍ പൊട്ടുന്ന വേദന. അണ്ണന് താങ്ങും തണലും പെങ്ങള്‍ ഡെയ്‌സി തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഡെയ്‌സിയേയും രോഗം കീഴടക്കി. നേരത്തേ തന്നെ അച്ഛനും അമ്മയും മരിച്ച ഈ സഹോദരങ്ങള്‍ക്ക് ചേച്ചിയായിരുന്നു കൂട്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അസ്ഥികള്‍ വളയുന്ന ഇതേ രോഗം വന്ന് ചേച്ചിയും മരിച്ചതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടുപോയത്.
വീടിനടുത്ത ചിലര്‍ കൊണ്ടുവരുന്ന ഈറ്റകള്‍ കൊണ്ട് വട്ടി, ചൂരലാമി (ചിപ്പിലി), മുറം എന്നിവ ഉണ്ടാക്കിക്കൊടുക്കാറുണ്ട് ഇവര്‍. ഇതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ജീവിതം. പിന്നെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും ഇവരുടെ വിശപ്പടക്കുന്നു.
തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന രോഗത്തെപ്പറ്റി ഇരുവര്‍ക്കും കാര്യമായ അറിവില്ല. നേരത്തെ ചികിത്സിച്ചിരുന്ന ആസ്പത്രി രേഖകളെല്ലാം നഷ്ടമായി. ഇരിക്കാനും നടക്കാനും കഴിയുന്നില്ല. ശരീരമാസകലം വേദനയാണ്. പുറത്തിറങ്ങി സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ഇവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ അതെല്ലാം പ്രതീക്ഷകള്‍ മാത്രമാണ്. ആള്‍മറയില്ലാത്ത കിണറും അടച്ചുമുറിയില്ലാത്ത അടുക്കളയും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും മാത്രമാണിവര്‍ക്ക് സ്വന്തം. അപ്പോഴും സങ്കടങ്ങള്‍ സ്വയം പങ്കുവെച്ച് ആരോടും പരാതി പറയാതെ ഈ സഹോദരങ്ങള്‍ ദുരിതദിനങ്ങള്‍ തള്ളിനീക്കുന്നു.


