പാലോട്: നൂറുകഴിഞ്ഞ പ്രായാധിക്യത്തിലും മലമ്പാട്ടിന്റെ ഈണവുമായി കല്ലണ ആദിവാസി കുഗ്രാമത്തില്‍നിന്നും മലയിറങ്ങി മാത്തിമുത്തിയെത്തിയപ്പോള്‍ അറിവിന്റെ മുറ്റം നാട്ടറിവിന്റെ നിറകുടമായി. ഒപ്പം ഉദ്ഘാടന ചടങ്ങിനു നിറവും. പെരിങ്ങമ്മല ഞാറനീലി കാണി ഗവ. യുപിഎസില്‍ നടന്ന 'നാട്ടറിവ് ഫോക്ലോര്‍ ക്ളബ്ബിന്റെ ഉദ്ഘാടനമാണു നൂറു വയസ്സു കഴിഞ്ഞ ആദിവാസി മാത്തിമുത്തിയുടെ സാനിധ്യംകൊണ്ടു ശ്രദ്ധേയമായത്. മലമ്പാട്ടിനു 2004ലെ ഫോക്ലോര്‍ അവാര്‍ഡ് ലഭിച്ച മാത്തിമുത്തി വിളക്കു തെളിച്ചു ക്ളബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഉദ്ഘാടന വേദിയില്‍ മലമ്പാട്ട് അവതരിപ്പിച്ചപ്പോള്‍ സദസ് താളം പിടിച്ചു.
അന്യം നില്‍ക്കുന്ന ആദിവാസി സംസ്കൃതികളായ ചാറ്റുപാട്ടും മലമ്പാട്ടും കുട്ടികളില്‍ പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിട്ടാണു സ്കൂള്‍ അധികൃതര്‍ ഫോക്ലോര്‍ ക്ളബ്ബിനു രൂപം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് മാത്തിമുത്തിയെ പൊന്നാട അണിയിച്ചു. ബ്ളോക്ക് അംഗങ്ങളായ ബി. പവിത്രകുമാര്‍, ജുമൈലാ സത്താര്‍, എഇഒ: എസ്. ഷാജു, ഹെഡ്മാസ്റ്റര്‍ വേണുകുമാരന്‍ നായര്‍, പിടിഎ പ്രസിഡന്റ് ബീന, സദാശിവന്‍കാണി എന്നിവര്‍ പ്രസംഗിച്ചു.