പാലോട്: പാലോട് ഉപജില്ലയിലെ അഞ്ച് വിദ്യാലയങ്ങളില്‍നിന്നും അഞ്ഞൂറ് വിദ്യാര്‍ഥികളുടെ കാഴ്ച പരിശോധിച്ചു. തകരാര്‍ കണ്ടെത്തിയ 315 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗിംഗോ ലയണ്‍സ് ക്ലബ്ബാണ് ഈ സേവന പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായത്.
ഭരതന്നൂര്‍, പാങ്ങോട്, കല്ലറ, നന്ദിയോട്, വാമനപുരം തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളില്‍നിന്നുമാണ് കാഴ്ച വൈകല്യമുള്ള കുട്ടികളെ കണ്ടെത്തിയത്. തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് കാഴ്ച പരിശോധനയ്ക്കുള്ള പ്രാഥമിക പരിശീലനം നല്‍കിയിരുന്നു. കല്ലറ ഗവ. എച്ച്.എസ്.എസ്സില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി.
ചടങ്ങില്‍ ഗിംഗോ ക്ലബ്ബിന്റെ പ്രസിഡന്റ് പ്രൊഫ. എ. കൃഷ്ണകുമാര്‍, സെക്രട്ടറി സജ്ജീവ്, ഖജാന്‍ജി പ്രൊഫ. എസ്. ഗൗതമന്, ഗോപാലകൃഷ്ണന്, അഡ്വ. വില്ല്യംസ് എന്നിവര്‍ പ്രസംഗിച്ചു.


