വിതുര: വിതുരയില്‍ നിന്ന് 61 പേര് കാല്‍നടയായി ശബരിമലയിലേക്ക് വ്യാഴാഴ്ച പുറപ്പെട്ടു. എരുമേലി വഴി മലയിലെത്താനുള്ള 250 ഓളം കിലോമീറ്ററും ഇവര്‍ നടന്നുതന്നെ താണ്ടും. ഒമ്പതുവയസായ രണ്ട് ബാലന്മാര് മുതല്‍ 75 വയസ്സായ അയ്യപ്പന് വരെ 61 പേരാണ് യാത്രസംഘത്തില്‍. എട്ടുവര്‍ഷം മുമ്പ് ഒരാള്‍ തുടങ്ങിയ യാത്ര പിറ്റേവര്‍ഷം നാലും അതിനുശേഷം ഏഴും പേരായി ഒടുവില്‍ 61ല്‍ എത്തിനില്‍ക്കുന്നു.
വിതുര മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നാണ് എല്ലാവര്‍ഷവും കാല്നടയാത്രാസംഘം യാത്ര തിരിക്കുന്നത്. ദിവസവും ശരാശരി 30 കിലോമീറ്ററിനുമേല്‍ നടക്കും. ഏഴുദിവസമെടുക്കും ശബരിമലയിലെത്താന്‍. ഇടത്താവളങ്ങളിലാണ് വിശ്രമം.
വിതുര ശിവന്‍കോവില്‍ ജങ്ഷനിലെ രതീഷ് ആണ് ആദ്യവര്‍ഷം ഒറ്റയ്ക്ക് ശബരിമലയ്ക്ക് നടന്നുപോയത്. വെയിലും മഴയും കാട്ടുമൃഗങ്ങളും കാലുവേദനയും ഒക്കെയുണ്ടെങ്കിലും ഓരോ വര്‍ഷവും അയ്യപ്പന്മാരുടെ എണ്ണം കൂടിവരികയാണ്.


