പാലോട്: നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നൂവെന്ന മുറവിളി ഉയരുമ്പോള്‍ മലമടക്കുകളിലേയും ഉള്ക്കാടുകളിലേയും ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്. പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ അഞ്ച് ഏകാധ്യാപക വിദ്യാലയങ്ങളിലായി ഇത്തവണ എത്തിയത് എഴുപത്തിയാറ് വിദ്യാര്‍ഥികള്‍.
കാട്ടാനയും കാട്ടുപോത്തും കരടിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാടിനുള്ളിലാണ് ശാസ്താംനട, പോട്ടോമാവ്, ചെന്നെല്ലിമൂട്, അടിപമ്പ്, പൊടിയക്കാല എന്നീ ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്നത്.
ഒന്നുകില്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച്, അല്ലെങ്കില്‍ രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ കാടും മലയും താണ്ടി വനമധ്യത്തിലെ ഈ വിദ്യാലയങ്ങളില്‍ എത്താന്‍ പറ്റൂ. കണ്ണൊന്നു തെറ്റിയാല്‍ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്. അതുകൊണ്ടുതന്നെ കുരുന്നുകള്‍ തിരികേ വീട്ടിലെത്തുന്നതുവരെ അച്ഛനമ്മമാരുടെ നെഞ്ചില്‍ തീയാണ്.
പൊടിയക്കാല, ശാസ്താംനട വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ ആനക്കൂട്ടത്തെ കണ്ട് തിരിഞ്ഞോടി വീട്ടിലെത്തിയ ദിവസങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇതുവരെയും ആര്‍ക്കും കാര്യമായൊരപകടം പറ്റിയിട്ടില്ലെന്ന് ചെന്നെല്ലിമൂട് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക നസീറ പറയുന്നു.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ മാത്രമല്ല, സ്കൂളിലെത്തുന്ന അധ്യാപകരുടെ സ്ഥിതിയും കഷ്ടമാണ്. അഞ്ചുകിലോമീറ്റര്‍ വനത്തില്‍ കൂടി നടന്നാണ് ശാസ്താംനട ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ഡാളിയുംപൊടിയക്കാല വിദ്യാലയത്തിലെ സുനിതമോളും സ്കൂളിലെത്തുന്നത്. ഇതിനിടെ വന്യമൃഗങ്ങളുടെ മാത്രമല്ല കാട്ടുകള്ളന്മാരുടെയും ആക്രമണം പേടിച്ചുവേണം യാത്രചെയ്യാന്‍. ഭൗതികസാഹചര്യങ്ങളിലും ചില വിദ്യാലയങ്ങള്‍ ഏറെ പിന്നിലാണ്. പോട്ടോമാവ്, ശാസ്താംനട വിദ്യാലയങ്ങളാണ് താരതമ്യേന വാര്‍ക്ക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് മൂന്നെണ്ണവും താത്കാലിക സംവിധാനങ്ങളില്‍ തന്നെ. ശാസ്താംനട വിദ്യാലയത്തിന് വൈ.എം.സി.എയാണ് രണ്ടുലക്ഷം ചെലവിട്ട് പുതിയ കെട്ടിടം പണിതീര്‍ത്തത്. ഇത്തവണ ഈറ കുടിലില്‍ നിന്നും ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരയിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപികയും. പോട്ടോമാവിലാകട്ടെ കെട്ടിടം സുരക്ഷിതമാണെങ്കിലും കഞ്ഞിപ്പുര തകര്‍ന്ന നിലയിലാണ്. എങ്കിലും പ്രതീക്ഷകളുടെ പ്രകാശം തേടി ഏകാധ്യാപക വിദ്യാലയത്തില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പാലോട് ബി.പി.ഒ. മോഹനകുമാര്‍ പറയുന്നു.

