പാലോട്: പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നേര്‍ക്കാഴ്ചയൊരുക്കി നന്ദിയോട് പാലുവള്ളി ഗവ. യുപിഎസില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം കാഴ്ചയ്ക്കു വിരുന്നാകുന്നു. ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയാണു 'പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യം എന്ന വിഷയത്തില്‍ പ്രദര്‍ശനം നടക്കുന്നത്. സ്കൂളിലെ അധ്യാപകന് ബൈജുവിന്റേതടക്കം 22 ഫൊട്ടോഗ്രഫര്‍മാരുടെ 167 ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. സവിശേഷതയുള്ള വനങ്ങള്‍, അപൂര്‍വയിനം ശലഭങ്ങള്‍, പാമ്പുകള്‍, തവളകള്‍, ഓര്‍ക്കിഡുകള്‍, പക്ഷികള്‍, മൃഗങ്ങള്‍ അടക്കം നയനാനന്ദകരമായ ഫോട്ടോകളാണു പ്രദര്‍ശനത്തിലുള്ളത്.
ഉദ്ഘാടനം ടിഎന്‍എച്ച്എസ് അംഗം കെ.ബി. സഞ്ജയന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എന്‍. സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ എച്ച്എം: ഡി. ഗീതാകുമാരി, ആര്. രമേശ്, ഡോ. ശ്യംചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സി. രാജേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ളൈഡ് ഷോയുടെ പ്രദര്‍ശനവും നടന്നു. പൊതുജനങ്ങള്‍ക്കും മറ്റു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം ഇന്ന് അഞ്ചു മണിക്കു സമാപിക്കും


