പാലോട്: സസ്യവിസ്മയത്തിന്റെ വിജ്ഞാനലോകം തുറന്ന പാലോട് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്റെ ഓപ്പണ്‍ ഹൌസ് ഇന്നു സമാപിക്കും. ഇന്നലെയും ഗാര്‍ഡന്‍ ജനസാഗരമായി. പൊതുജനങ്ങള്‍ക്കു വൈവിധ്യ സസ്യങ്ങളുടെ കാഴ്ചകള്‍ കൌതുകമായപ്പോള്‍ വിദ്യാര്‍ഥിസമൂഹത്തിനു പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അറിവിന്റെ ലോകം തുറന്നു. 4000 ജാതി സസ്യങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. ഇതില്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ശേഖരം ശ്രദ്ധേയമാണ്.
ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഇന്ത്യന്‍ ഉപദ്വീപുകളിലും മാത്രമായി കണ്ടുവരുന്ന നാന്നൂറോളം സസ്യങ്ങളാണു ഗാര്‍ഡന്‍ സംരക്ഷിക്കുന്നത്. നൂറ്റാണ്ടിനു മുന്‍പേ അപ്രത്യക്ഷമായെന്നു കരുതിയിരുന്ന 'പാവട്ടത്താളി സസ്യത്തെ ശ്രീലങ്കയില്‍ നിന്നു വീണ്ടും കണ്ടെത്തി ഇവിടെ സംരക്ഷിക്കുന്നു. ഇവയുടെ രണ്ടു ചെടികള്‍ മാത്രമാണ് ഇന്നു ലോകത്തുള്ളതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്യങ്കാവ് വനത്തില്‍ മാത്രം കണ്ടുവരുന്ന ബിംഗോണിയ 147 വര്‍ഷത്തിനു ശേഷം കണ്ടെത്തി സംരക്ഷിക്കുന്നു.
കൂടാതെ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും പതിനേഴു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന മറ്റൊരിനം നീലക്കുറിഞ്ഞിയും ശേഖരത്തിലുണ്ട്. കേരളത്തിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ സസ്യങ്ങള്‍, ആന്‍ഡമാന്‍ പഡോക്ക്, ചൂരല്‍, ഓര്‍ക്കിഡുകള്‍ എന്നിവയും ശേഖരത്തിന്റെ സവിശേഷതകളാണ്. ഇതിനു പുറമെ 842 ജാതി ഒൌഷധസസ്യങ്ങള്‍, അറുപത്തഞ്ചോളം ബാംബൂസ് നൂറ്റിയിരുപതോളം
പഴവര്‍ഗസസ്യങ്ങള്‍, അലങ്കാരസസ്യങ്ങള്‍, ഇരപിടിയന്‍ സസ്യങ്ങള്‍, കള്ളിച്ചെടികള്‍, വാട്ടര്‍ ചെടികള്‍ അടക്കം തനത് ആവാസവ്യവസ്ഥയില്‍ വളരുന്നതും മറ്റ് ആവാസവ്യവസ്ഥയില്‍ വളരുന്നതുമായ സസ്യങ്ങളെ ഗാര്‍ഡന്‍ സംരക്ഷിക്കുന്നു.
സസ്യങ്ങളെ ഉണക്കി സൂക്ഷിക്കുന്ന ഹെര്‍ബേറിയം, ഇട്ടി അച്യുതന്‍ വൈദ്യന്‍ ഗാര്‍ഡന്‍ എന്നിവയൊക്കെ ആകര്‍ഷകമാണ്. 300 ഏക്കറില്‍ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ബൊട്ടാണിക് ഗാര്‍ഡന്‍ ലോകപ്രശസ്തവും ഏഷ്യയിലെ ഏറ്റവും വലിയ സസ്യസംരക്ഷണ സ്ഥാപനവുമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ഗാര്‍ഡന്‍ സന്ദര്‍ശിച്ചു.

