വിതുര: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ദിരാഗാന്ധി ദേശീയ ഓപ്പണ്‍ സര്‍വകലാശാല (ഇഗേ്നാ)യുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം യാഥാര്‍ഥ്യത്തിലേയ്ക്ക്. വിതുര അടിപറമ്പ് ജഴ്സിഫാമില്‍ ആദ്യം സര്‍വേ തുടങ്ങിയ സ്ഥലത്തുതന്നെ 'ഇഗേ്നാ' സ്ഥാപിക്കും. ഇവിടെ 25 ഏക്കര്‍ അളന്നുതിരിക്കുന്നജോലി വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി.
ഈ മാസം ആറിന് മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ.പി. മോഹനന്റെ ചേംബറില്‍ നടന്ന യോഗമാണ് ഇക്കാര്യത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. ജഴ്സിഫാം തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങള്‍ പരിഹരിച്ചുകൊടുക്കുമെന്ന് ഉറപ്പുനല്‍കിയായിരുന്നു 'ഇഗേ്നാ' ഫാമില്‍തന്നെ വരുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചത്. തുടര്‍ന്ന് അടിപറമ്പില്‍ ആരംഭിച്ച സര്‍വേയാണ് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായത്.
സ്ഥലത്തിന്റെ സ്കെച്ചും മറ്റു രേഖകളും നെടുമങ്ങാട് തഹസില്‍ദാറില്‍ നിന്ന് 'ഇഗേ്നാ' ദക്ഷിണ മേഖലാ ഡയറക്ടര്‍ ഡോ. എം.ടി. സുലേഖ ശനിയാഴ്ച ഏറ്റുവാങ്ങും. താലൂക്കിലെ സര്‍വേ ഉദ്യോഗസ്ഥര്‍ അളന്നുതിരിച്ച 25 ഏക്കര്‍ സ്ഥലം സന്ദര്‍ശിച്ചശേഷമായിരിക്കും രേഖകള്‍ ഏറ്റുവാങ്ങുന്നത്.
നിര്‍ദിഷ്ട ഭൂമിയില്‍ ചുറ്റുമതില്‍ നിര്‍മാണമായിരിക്കും ആദ്യം തുടങ്ങുക. കരാര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മന്ദിരസമുച്ചയത്തിന്റെ പണി തുടങ്ങും.


