വിതുര ആനപ്പാറ വെടിവച്ചപാറ തോട്ടരികത്തുവീട്ടില്‍ മോളി-സിജി ദമ്പതിമാരുടെ മക്കളാണ് മൂവരും. പ്രണയിച്ച് വിവാഹംകഴിച്ച മോളിയുടെയും സിജിയുടെയും കലഹം കണ്ടാണ് കുട്ടികള്‍ വളര്‍ന്നത്. ഒടുവില്‍ കഴിഞ്ഞ 20ന് വഴക്കിനിടെ മോളി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. സിഗരറ്റ് ലൈറ്റര്‍ കൊണ്ട് അച്ഛന് അമ്മയെ കത്തിക്കുന്നത് കാണേണ്ടിവന്നതിന്റെ നടുക്കം ഇനിയും ഈ കുട്ടികളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.
മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ 25ന് മോളി മരിച്ചു. മോളിയുടെ ദേഹത്ത് നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ സിജി ഇപ്പോഴും ആസ്പത്രിയിലാണ്. പരിക്ക് ഭേദമായാലും സിജി പോകേണ്ടത് ജയിലിലേക്ക്. മോളിയുടെ മരണമൊഴിയനുസരിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണിയാള്‍.
മോളിയുടെ അമ്മ ലളിതയ്ക്കും അച്ഛന് അശോകനുമൊപ്പമാണ് ഇപ്പോള്‍ കുട്ടികള്‍. ലളിതയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതാണ് കുട്ടികളെ വളര്‍ത്താന്‍ തടസ്സമായിരിക്കുന്നത്. അശോകന് കൂലിവേലയ്ക്ക് പോയിക്കിട്ടുന്നതാണ് ഏക വരുമാനം.
ആകെയുള്ള രണ്ട് സെന്റ് സ്ഥലത്തെ കുഞ്ഞുവീടിനോട് ചേര്‍ന്നാണ് മോളിയുടെ കുഴിമാടം. ഇവിടെ ഇടയ്ക്കിടക്ക് ചെന്നുനിന്ന് കരയുന്ന സോനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ഈ ചേച്ചിമാര്ക്കറിയില്ല.


