വിതുര: വളര്‍ത്തുനായയ്ക്കു പൂച്ച പോറ്റമ്മയായി. പൂച്ച പ്രസവിച്ച മൂന്നു കുഞ്ഞുങ്ങള്‍ക്കുമൊപ്പം പട്ടിയും പാലു കുടിച്ചു വളരുന്ന കൌതുക കാഴ്ച കാണണമെങ്കില്‍ ശാസ്താംകാവില്‍ എത്തണം. ശാസാതാംകാവ് സ്വദേശിയും രതുല്‍ സ്റ്റുഡിയോ ഉടമയുമായ എന്‍.പി. രാജീവിന്റെ വീട്ടിലാണു ബദ്ധവൈരികളായി അറിയപ്പെടുന്ന പട്ടിയും പൂച്ചയും ഒരുമയോടെ കഴിയുന്നത്. മൂന്നുമാസം പ്രായമുള്ളപ്പോഴാണു പൊമേറിയന്‍ നായ്കുട്ടിയെ രാജീവ് വാങ്ങിയത്.
ആദ്യം കുപ്പിയില്‍ പാല് നല്കി വളര്‍ത്തി. പട്ടി എത്തിയപ്പോള്‍ പൂച്ച ഗര്‍ഭിണിയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ പൂച്ച മൂന്നു കുട്ടികളെ പ്രസവിച്ചു. പ്രസവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ പട്ടിക്കുട്ടി പാല്‍കുടിച്ചു തുടങ്ങി. പട്ടി പാല് കുടിക്കാന്‍ ചെല്ലുമ്പോള്‍ പൂച്ചക്കുട്ടികള്‍ മാറികൊടുക്കുന്ന കൌതുകകാഴ്ചയും കാണാം. ഇതിനിടയില്‍ ഒരിക്കല്‍പോലും പട്ടിയും പൂച്ചയും തമ്മില്‍ കടിപിടി കൂടിയിട്ടില്ല.


