പാലോട്: ചെടികള്‍ പ്രാണികളെ പിടികൂടുമോ ? പിടികൂടുക മാത്രമല്ല എത്ര വലിയ ആരോഗ്യശ്രീമാനെയും അടിതെറ്റിക്കാനും ചില സസ്യങ്ങള്‍ക്ക് കഴിയും. ഒരാളെ പ്രമേഹ രോഗിയാക്കണോ. പനി പിടിപ്പിച്ച് കിടത്തണോ. ഏതിനും നിമിഷനേരം മതി.
നെറ്റി ചുളിക്കുന്നവര്‍ ഉടനേ പാലോട്ടേയ്ക്ക് വന്നോളൂ. ഏഷ്യയിലെ ഏറ്റവും വലിയ സസ്യോദ്യാനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അഞ്ചു ദിവസമായി നടന്നു വരുന്ന 'ഓപ്പണ്‍ ഹൌസി'ല്‍ പങ്കെടുക്കുന്നത് പതിനായിരങ്ങളാണ്. കേട്ടറിവു മാത്രമുള്ള വൃക്ഷങ്ങള്‍, അത്യപൂര്‍വ്വമായ ഓര്‍ക്കിഡുകള്‍, ടിഷ്യൂ കള്‍ച്ചര്‍ ചെടികള്‍, ആയൂര്വേദമരുന്നുകള്ക്കായി ഉപയോഗിക്കുന്ന ചെടികള്‍, ഹോമിയോ മരുന്നുകളില്‍ ചേര്‍ക്കുന്ന വിവിധയിനം ഔഷധങ്ങള്‍ എന്നിവയെല്ലാം നേരില്‍ കാണാം. മാംസഭോജികളായ നിരവധി ചെടികളുമുണ്ട്. പ്രകൃതിദത്ത കുളവും കാവുമൊക്കെ അനുബന്ധമായി ഉണ്ട്. നൂറ്റാണ്ടു മുമ്പ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ 'പാവട്ടത്താളി' എന്ന അത്യപൂര്വ്വസസ്യം ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഭൂമുഖത്ത് മറ്റെവിടെയും ഈ ചെടി കാണാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നാലായിരത്തിലേറെ ഇനങ്ങളിലായി അമ്പതിനായിരത്തോളം ചെടികളും വൃക്ഷങ്ങളുമാണ് ഗാര്‍ഡനില്‍ പരിപാലിക്കപ്പെടുന്നത്. 68 ഇനം അത്യപൂര്‍വ്വ മുളശേഖരവും ഗാര്‍ഡന്റെ പ്രത്യേകതയാണ്.
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്ന് നാമകരണം ചെയ്യപ്പെട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൊതുജനപങ്കാളിത്തത്തോടെ ഓപ്പണ്‍ഹൌസ് ഒരുക്കുന്നത്.
സസ്യശാസ്ത്ര ഗവഷേണങ്ങളുടെ വിവിധവശങ്ങള്‍ വിവരിക്കുന്ന പതിനഞ്ചോളം സ്റ്റാളുകളും ഫോട്ടോ എക്സിബിഷനും ഇതിന്റെ ഭാഗമായി ഗാര്‍ഡനില്‍ സജ്ജീകരിച്ചിട്ടുണ്ട്.ഔഷധ സസ്യങ്ങളും ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളും വാങ്ങാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരിലേറെയും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമാണ്.രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ ഇടമുറിയാത്ത സന്ദര്‍ശക പ്രവാഹമാണ്.