യന്ത്രത്തൂമ്പയുടെ വീഡിയോ
കട്ടപ്പന: പാടത്തും പറമ്പിലും കിളയ്ക്കാന്‍ ഉപയോഗിക്കുന്ന തൂമ്പ ഒരു യന്ത്രമാണോ? ഭൂമിയില്‍ പൊന്നു വിളയിക്കാന്‍ കര്‍ഷകര്‍ക്ക് തൂമ്പ കൂടിയേ മതിയാകൂ. എന്നാല്‍ മുല്ലപ്പെരിയാര്‍ താഴ്വാരത്തെ അയ്യപ്പന്‍കോവില്‍ വില്ലേജ് ഓഫീസിലെ 'രേഖകള്‍' പ്രകാരം തൂമ്പ ഒരു അത്യാധുനിക യന്ത്രം തന്നെ!. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മമ്മട്ടി തൂമ്പയില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. 'മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അടിയന്തിര ഉപയോഗത്തിനുള്ള യന്ത്രം.
സൂക്ഷിച്ച് കൈകാര്യം ചെയ്യുക' എന്നെഴുതിയ മുന്നറിയിപ്പ് പേപ്പറില്‍ എഴുതി തൂമ്പാകൈയില് ഒട്ടിച്ചിട്ടുമുണ്ട്. റവന്യൂ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ എത്തുന്നവരെ സ്വീകരിക്കുന്നതും ഈ മുന്നറിയിപ്പ് ബോര്‍ഡ് തന്നെ. നാല് മുറികളുള്ള ഓഫീസില്‍ വില്ലേജ് ഓഫീസറുടെ റൂമിനു പിന്നിലാണിത്.
ഇനിയല്‍പ്പം ഫ്ളാഷ് ബാക്ക്.
മുല്ലപ്പെരിയാര്‍ തീരങ്ങളില്‍ ഭൂചലനങ്ങള്‍ ആദ്യഘട്ടത്തില്‍ ആവര്‍ത്തിക്കപ്പെട്ടതോടെ പ്രദേശത്തെ വില്ലേജ് ഓഫീസുകളില്‍ മുന്നറിയിപ്പ് അലാറവും വയര്‍ലെസ് സെറ്റും സ്ഥാപിച്ചു. നാലു വര്‍ഷം മുമ്പായിരുന്നു ഇത്. ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ വയര്‍ലെസ് ഹാന്‍ഡ്സെറ്റ് എടുത്ത് പരിശോധിക്കുന്നതും പതിവായി. താക്കീതു നല്കി ഓഫീസ് ജീവനക്കാര്‍ മടുത്തു. ഇതോടെ മുന്നറിയിപ്പ് എഴുതിവയ്ക്കാന്‍ തന്നെ തീരുമാനിച്ചു. ഓഫീസ് ചുവരില്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ മടി തോന്നിയ അധികൃതര്‍ കണ്ടെത്തിയ ഉപായമായിരുന്നു തൂമ്പ.
ഈ യന്ത്രത്തൂമ്പ ഓഫീസ് 'രേഖ' ആയതിലുമുണ്ടൊരു ചരിത്രം. സദാ മണല്‍ റെയ്ഡ് നടക്കുന്ന വില്ലേജ് ഓഫീസാണിത്. വില്ലേജ് ഓഫീസറും സംഘവും ഒരു തവണ ഇത്തരത്തില്‍ പിടിച്ചെടുത്ത മണലിനൊപ്പം ഒരു തൂമ്പയും കടന്നുകൂടി. മണല്‍ പിന്നീട് ലേലം ചെയ്തെങ്കിലും തൂമ്പ ഓഫീസില്‍ തന്നെയിരുന്നു. ഈ തൂമ്പയാണിപ്പോള് ഓഫീസില്‍ അത്യാധുനിക യന്ത്രമായി പരിലസിക്കുന്നത്. മുല്ലപ്പെരിയാര്‍ പൊട്ടിത്തകര്‍ന്നാല്‍ ഒരു കൈത്താങ്ങ് നല്‍കാനായി.
-എം.ഡി. രഞ്ജിത്ത്

