ചവര്‍ ഫാക്ടറി ബോണക്കാട്ട് സ്ഥാപിക്കില്ല: സ്‌പീക്കര്‍
വിതുര: വിളപ്പില്‍ശാലയിലെ ചവര്‍ ഫാക്ടറി വിതുര ബോണക്കാട്ടേക്ക് മാറ്റി സ്ഥാപിക്കില്ലെന്ന് സ്ഥലം എം.എല്‍.എ. കൂടിയായ നിയമസഭാ സ്പീര്‍ക്കര്‍ ജി. കാര്‍ത്തികേയന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. തിരുവനന്തപുരം നഗരവാസികള്‍ക്ക് കുടിവെള്ളം നല്‍കുന്ന പേപ്പാറ ഡാമില്‍ എത്തുന്ന നീരുറവകളില്‍ പലതും ബോണക്കാട്ടുനിന്നാണ്. പൈതൃക വനമേഖലയായ അഗസ്ത്യാര്‍കൂടത്തിന്റെ പ്രവേശനഭാഗം കൂടിയായ ബോണക്കാട്ട് ഒരിക്കലും മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞു.
ചവര്‍ഫാക്ടറി തടയും - ബി.ജെ.പി.
വിതുര: വിളപ്പില്‍ശാലയിലെ ചവര്‍ഫാക്ടറി വിതുര ബോണക്കാട്ടേക്ക് മാറ്റാനുള്ള നീക്കം ജീവന്‍ കൊടുത്തും തടയുമെന്ന് ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗവും വിതുര ഗ്രാമപ്പഞ്ചായത്തംഗവുമായ മാന്‍കുന്നില്‍ പ്രകാശ്, പഞ്ചായത്ത് സമിതി പ്രസിഡന്റ് തള്ളച്ചിറ ഗിരി എന്നിവര്‍ അറിയിച്ചു.
ചവര്‍ ഫാക്ടറി: വിതുരയിലെ വ്യാപാരികള്‍ പ്രകടനം നടത്തി
വിതുര: വിളപ്പില്‍ശാലയിലെ ചവര്‍ഫാക്ടറി വിതുര ബോണക്കാട്ടിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന മന്ത്രിസഭായോഗതീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞ വിതുരയിലെ വ്യാപാരികള്‍ ബുധനാഴ്ച രാത്രി പ്രതിഷേധ പ്രകടനം നടത്തി. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കലുങ്ക് കവലയില്‍ നിന്ന് ചന്തമുക്കിലേക്കാണ് പ്രകടനം നടത്തിയത്. 22ന് സായാഹ്ന ധര്‍ണയും 23ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധവും സംഘടിപ്പിക്കുമെന്ന് ഏകോപന സമിതി പ്രസിഡന്റ് എസ്. അനില്‍കുമാര്‍ അറിയിച്ചു. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ 26 മുതല്‍ അനിശ്ചിതകാല ഹര്‍ത്താലും നടത്തും.

