WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, December 2, 2011

പേപ്പാറയിലെ വന്‍ മണല്‍ശേഖരം നീക്കം ചെയ്യല്‍: റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിച്ചു



പേപ്പാറ: പേപ്പാറ ജലസംഭരണിയുടെ കാവിയാര്‍, ചാത്തന്‍കോട് ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന വന്‍ മണല്‍ശേഖരം നീക്കം ചെയ്യാനുളള നടപടി വീണ്ടും സജീവമായി. കഴിഞ്ഞ 15 വര്‍ഷമായി നിയമക്കുരുക്കില്‍ പെട്ടിരിക്കയായിരുന്നു മണല്‍ നീക്കംചെയ്യല്‍ പ്രശ്നം. മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ വിതുര ഗ്രാമപഞ്ചായത്ത് അക്ഷയകേന്ദ്രം നല്‍കിയ അപേക്ഷയാണ് ഈ പ്രശ്നം വീണ്ടും സജീവമാകാന്‍ കാരണമായത്.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നു മണല്‍ നീക്കംചെയ്യല്‍ പ്രശ്നം സംബന്ധിച്ചു തിരുവനന്തപുരം വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പഠന റിപ്പോര്‍ട്ടുകളോടുകൂടി കലക്ടര്‍ക്ക് അനുകൂല റിപ്പോര്‍ട്ടു കൈമാറി.തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളത്തിനായി 1975ല്‍ ആരംഭിച്ച് 1985ല്‍ പൂര്‍ത്തിയാക്കിയ പേപ്പാറ ജലസംഭരണിയില്‍ 1993ല്‍ തോടയാറിന്റെയും കാവിയാറിന്റെയും ഉല്‍ഭവസ്ഥാനങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഫലമായാണ് ചാത്തന്‍കോട് -കാവിയാര്‍ ഭാഗത്തു വന്‍തോതില്‍ മണലും മാലിന്യങ്ങളും അടിഞ്ഞുകൂടിയത്.

വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് 2002 ഫെബ്രുവരിയില്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് 8.64 മില്യണ്‍ ക്യുബിക് മീറ്റര്‍ മണല്‍ സംഭരണിയില്‍ അടിഞ്ഞുകൂടിയിട്ടുണ്ട് എന്നാണ്. ഇതുമൂലം സംഭരണശേഷിയുടെ 22.5 ശതമാനം നഷ്ടപ്പെട്ടു. ഇതുമൂലം നഷ്ടമായ ജലത്തിനു ലീറ്ററിന് ഒരുരൂപവച്ചു കണക്കാക്കിയാല്‍ വര്‍ഷം തോറും 51 കോടി രൂപയുടെ ജലനഷ്ടം സംഭവിക്കുന്നുണ്ടെന്നാണു
പഠനറിപ്പോര്‍ട്ട്.

എന്നാല്‍ ഈ പഠനറിപ്പോര്‍ട്ട് വന്നു 10 വര്‍ഷമായിട്ടും ഇതിന്‍മേല്‍ ഒരു നടപടിയും ഉണ്ടായില്ല. സംഭരണിയുടെ 104.5 മീറ്റര്‍ വരുന്ന ആഴത്തിലേക്ക് ഈ മണല്‍ ശേഖരം വേഗത്തില്‍ ഒലിച്ചിറങ്ങുന്നുമുണ്ട്. ഈ മണല്‍ ശേഖരം നീക്കം ചെയ്താല്‍ സര്‍ക്കാര്‍ ഖജനാവിലേക്കു കോടിക്കണക്കിനുരൂപ ലഭ്യമാകും എന്നു മാത്രമല്ല ജില്ലയിലെ മണല്‍ ക്ഷാമത്തിനു പരിഹാരവുമാകും. അതിലുപരി തലസ്ഥാനനഗരി കുടിവെള്ളക്ഷാമം നേരിടുമെന്നുളള ആശങ്കയും മാറും.

പേപ്പാറയില്‍ ഇപ്പോഴത്തെ സാഹചര്യം നിലനില്‍ക്കെ മണല്‍ നീക്കംചെയ്യാതെ ഡാമിന്റെ ഉയരം കൂട്ടാനും ശേഷി കൂട്ടാനും ശ്രമിക്കുന്നത് ഉചിതമല്ല എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. നാലുമീറ്റര്‍ ഷട്ടര്‍ ഇട്ടു ജലം നിര്‍ത്തിയാല്‍ ഈ മണല്‍ശേഖരം പൂര്‍ണമായും വെളളത്തിലാകും. ഒപ്പം 25 ഹെക്ടര്‍ വനഭൂമിയും വെളളത്തില്‍ മുങ്ങും. ചാത്തന്‍കോട് ഭാഗത്ത് ആദിവാസികള്‍ക്കു മറ്റൊരിടം കണ്ടെത്തേണ്ടതായും വരും.

സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് റിപ്പോര്‍ട്ടും, ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു വനംവകുപ്പു തയാറാക്കിയ റിപ്പോര്‍ട്ടും, വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഒക്ടോബര്‍ 14നു സ്ഥലം സന്ദര്‍ശിച്ചു തയാറാക്കിയ റിപ്പോര്‍ട്ടും പഠിച്ചു മണല്‍ നീക്കം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയതായും വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി.കെ. ജയകുമാര്‍ശര്‍മ അറിയിച്ചു.ഏറെ ഗൌരവമുളള മണല്‍ നീക്കംചെയ്യല്‍ വിഷയം വിതുര ഗ്രാമപഞ്ചായത്ത് അക്ഷയ സംരംഭകന്‍ ആര്‍. ജയകുമാറാണു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എത്തിച്ചത്.