വിതുര: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വിതുര അടിപറമ്പില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ജഴ്സിഫാമിന് 90 ഏക്കര്‍ കുറവുണ്ടെന്ന പരാതിയില്‍ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. വിതുര മക്കി സ്വദേശിയായ യുവാവ് മുഖ്യമന്ത്രിയുടെ 'സുതാര്യ കേരള'ത്തിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
1974-ല്‍ വനംവകുപ്പില്‍ നിന്ന് 400 ഏക്കര്‍ ഭൂമി ഫാം തുടങ്ങാന്‍ വിട്ടുകൊടുത്തതായി അന്നത്തെ സര്ക്കാര്ഉത്തരവ് വ്യക്തമാക്കുന്നു. പരാതി കൊടുത്ത യുവാവ് ഈ ഉത്തരവിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം സമ്പാദിച്ചിട്ടുണ്ട്. സ്വന്തം സ്ഥലവിസ്തൃതി സംബന്ധിച്ച് ജഴ്സിഫാമില്‍ സൂക്ഷിച്ചിട്ടുള്ള ഭൂപടത്തിലും 400 ഏക്കര്‍ ഉള്ളതായാണ് കാണിക്കുന്നത്. ഇതിന്റെ പകര്‍പ്പും പരാതിക്കാരന് കിട്ടിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഭൂമിയുടെ രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ട റവന്യൂ വകുപ്പിന്റെ പക്കലുള്ളത് 309 ഏക്കര്‍ ഭൂമിയുടെ ഭൂപടമാണ്.
ജഴ്സിഫാം ഉള്‍പ്പെടുന്ന വിതുര വില്ലേജ് ഓഫീസിലും നെടുമങ്ങാട് താലൂക്കിലും ഉള്ള രേഖകളില്‍ ഫാമിന് 90 ഏക്കറോളം കുറവാണെന്ന് പരാതിക്കാരന് സമ്പാദിച്ച പകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഇയാള്‍ സുതാര്യ കേരളത്തിന് നല്കിയ പരാതി സര്‍വേ വകുപ്പിന്റെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ഓഫീസുകള്‍ വഴി നെടുമങ്ങാട് താലൂക്കില്‍ എത്തിയതിനെ തുടര്‍ന്ന് താലൂക്കധികൃതര്‍ കഴിഞ്ഞ ദിവസം പരാതിക്കാരനെ കണ്ട് തെളിവുകള്‍ ശേഖരിച്ചു. വനം വകുപ്പിന്റെ സര്‍വേ വിഭാഗം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ദിരാഗാന്ധി ദേശീയ ഓപ്പണ്‍ സര്‍വകലാശാല എന്നീ സ്ഥാപനങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്ത വകയില്‍ 225 ഏക്കര്‍ സ്ഥലം ഫാമിന് ഇതിനകം നഷ്ടപ്പെട്ടു. നൂറില്‍പ്പരം തൊഴിലാളികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി ഹൈടെക് ഫാമായി വളരുന്ന അടിപറമ്പ് ഫാമിന് പുല്‍കൃഷിക്കും മറ്റുമായി ഇനിയും ഭൂമി വേണം. അതുകൊണ്ട് കുറവുള്ള 90 ഏക്കര്‍ തിരിച്ചുകിട്ടേണ്ടത് അത്യാവശ്യവുമാണ്.


