വിതുര: കാട്ടാനഭീഷണിയും വനംവകുപ്പിന്റെ അവഗണനയുംകൊണ്ട് ദുരിതത്തിലായ വിതുര പേപ്പാറ പൊടിയക്കാല നിവാസികളുടെ ആവശ്യങ്ങളില്‍ ഒന്നിന് സാക്ഷാത്കാരം. ആനകളുടെ സഞ്ചാരപാതയില്ക്കൂടി ഇവരുടെ മക്കളെ സ്കൂളിലെത്തിക്കാന്‍ സുരക്ഷിത സംവിധാനമൊരുക്കാന്‍ പട്ടികവര്‍ഗ വകുപ്പാണ് മുന്നോട്ടുവന്നിരിക്കുന്നത്. ബുധനാഴ്ച മുതല്‍ രാവിലെയും വൈകീട്ടും രണ്ട് ജീപ്പുകള്‍ വീതം പൊടിയക്കാലയില്നിന്ന് മീനാങ്കല്‍ സ്കൂള്‍ വരെ സര്‍വീസ് നടത്തും. സാങ്കേതിക തടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് കൈവിട്ട സാഹചര്യത്തിലാണ് പട്ടികവര്‍ഗ വകുപ്പ് രക്ഷയ്ക്കെത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ് പൊടിയക്കാലയില്‍ നടപ്പാവുന്നതെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജി.രാധാകൃഷ്ണന് അറിയിച്ചു. ദര്‍ഘാസ് വിളിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ രണ്ട് ജീപ്പുകാരെ കരാര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തിയത്. കുട്ടികളെ അനുഗമിക്കാന്‍ പൊടിയക്കാല സ്വദേശിയായ ഒരാളെയും നിയമിച്ചിട്ടുണ്ട്. ഇയാളുടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനെട്ടോളം വിദ്യാര്‍ഥികളാണ് ഓരോദിവസവും കാട്ടാനകളെ പേടിച്ച് സ്കൂളിലെത്തുന്നത്.
തിരുവനന്തപുരം നഗരവാസികള്‍ക്ക് കുടിവെള്ളം നല്‍കാനായി പേപ്പാറ ഡാം പണിതപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളാണ് പൊടിയക്കാലയില്‍ താമസിക്കുന്നത്. റോഡും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെ ഇവിടെ താമസിപ്പിച്ചതെങ്കിലും കാല്‍നൂറ്റാണ്ടിനിപ്പുറവും വാഗ്ദാനങ്ങള്‍ കടലാസിലാണ്.
'കൊലകൊല്ലി'യെന്ന് വിശേഷണമുള്ള കാട്ടാനയെ പിടികൂടാന്‍ ലക്ഷങ്ങള്‍ ചെലവിട്ട വനംവകുപ്പ് അതിനുശേഷം പൊടിയക്കാലയെ അവഗണിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. രണ്ടു മാസം മുമ്പ് പൊടിയക്കാല സ്വദേശിയായ ജി.അപ്പുക്കുട്ടന് കാണിയെ കാട്ടാന ചവിട്ടിക്കൊന്നപ്പോള്‍ ഇവിടെയെത്തിയ ഡി.എഫ്.ഒ. കുട്ടികള്‍ക്ക് ജീപ്പ് സര്‍വീസ് വാഗ്ദാനം ചെയെ്തങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ക്ക് വാഹനം ഏര്‍പ്പാടായ കാര്യം നിറഞ്ഞ ആഹ്ലാദത്തോടെയാണ് ഊരുക്കൂട്ടം വരവേറ്റത്. കാട്ടുപാത സഞ്ചാരയോഗ്യമാക്കാന്‍ ആദിവാസി മഹാസഭയും കുറച്ചുദിവസങ്ങളായി ശ്രമിക്കുകയായിരുന്നു.



