വിതുര: പൊടിയക്കാലയിലെ ആദിവാസി കുട്ടികള്‍ക്കു വഴിയില്‍ കാട്ടാനകളെ കണ്ടാല്പേടിക്കേണ്ട. ഇന്നു മുതല്‍ പൊടിയക്കാലയില്‍ നിന്ന് മീനാങ്കല്‍ സ്കൂള്‍ വരെ ജീപ്പ് സര്‍വീസ് നടത്താന്‍ പട്ടികജാതി, വര്‍ഗ വകുപ്പ് തീരുമാനിച്ചു. 17 കുട്ടികളാണ് ഇവിടെ നിന്ന് സ്കൂളില്‍ പോകുന്നത്. കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഒരു രക്ഷാകര്‍ത്താവും ജീപ്പിലുണ്ടാകും. കഴിഞ്ഞ ദിവസം പൊടിയക്കാലയില്‍ പട്ടികവര്‍ഗ വികസന വകുപ്പു നടത്തിയ ഉൌരുക്കൂട്ടത്തിലാണു ജീപ്പ് സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.
പൊടിയക്കാല സ്വദേശിയായ അപ്പുക്കുട്ടന്കാണിയെ കാട്ടാനകൊന്നതിനു ശേഷം മിക്ക കുട്ടികളും ആനയെ ഭയന്ന് സ്കൂളില്‍ പോകാതെയായിരുന്നു. സ്കൂളിലേക്കു പോയ നാലു വിദ്യാര്‍ഥികളെ അഞ്ചുമരുതുംമൂടിനു സമീപം മൂന്നു കാട്ടാനകള്‍ ഒാടിച്ചിരുന്നു. ഇവര്‍ കഷ്ടിച്ചാണ് ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കാന്‍ രണ്ടു ജീപ്പുകളാണു പട്ടിക ജാതി, വര്‍ഗ വകുപ്പ് വാടകയ്ക്കെടുക്കുന്നത്. ദിവസം 1200 രൂപയാണു വാടക. സ്കൂള്‍ അടയ്ക്കുന്നതുവരെ കുട്ടികളുടെ യാത്രയ്ക്കുള്ള ചെലവ് വകുപ്പു വഹിക്കും.
രണ്ടരമാസത്തിനു ശേഷം വനംവകുപ്പിനു ചുമതല കൈമാറാനാണു ധാരണ. നേരത്തേ ഒരാളെ കാട്ടാന കൊന്നപ്പോള്‍ സ്ഥലത്തെത്തിയ ഡിവിഷനല്‍ ഫോറസ്റ്റ് ഒാഫിസര്‍ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ജീപ്പ് സര്‍വീസ് തുടങ്ങുമെന്നു വാഗ്ദാനം നല്‍കിയെങ്കിലും യാഥാര്‍ഥ്യമായില്ല. വനംവകുപ്പിന്റെ ജീപ്പ് വര്ക്ക്ഷോപ്പിലായതിനാലാണു സര്‍വീസ്
തുടങ്ങാത്തതെന്നായിരുന്നു വിശദീകരണം. ജീപ്പ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്നു നടക്കും. അതേസമയം, പൊടിയക്കാലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മുന്‍ സര്‍ക്കരിന്റെ കാലത്ത് ബസ് സര്‍വീസ് തുടങ്ങാനും വൈദ്യുതി എത്തിക്കാനും തീരുമാനിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. സുന്ദരിമുക്ക്-പൊടിയക്കാല റോഡ് ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ ഗതാഗതയോഗ്യമാക്കി. പേപ്പാറ ഡാം വരെ എത്തുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മൂന്നു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പൊടിയക്കാല വരെ നടത്തിയാല്‍ പ്രയോജനകരമാകുമെന്ന് ആദിവാസികള്‍ പറഞ്ഞു.


