WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, January 20, 2012

പൊന്മുടി, കോവളം, ആക്കുളം, വര്‍ക്കല... കിടുക്കനാക്കാന്‍ ടൂറിസം വകുപ്പ്..



തിരുവനന്തപുരം: ലക്ഷക്കണക്കിനു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പൊന്മുടി, കോവളം, ആക്കുളം, വര്‍ക്കല എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ  മുഖം മിനുക്കാന്‍ ടൂറിസം വകുപ്പ് നടപടി തുടങ്ങി. പൊന്മുടി ഗസ്റ്റ് ഹൌസ് നിര്‍മാണം ഒഴികെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.

പൊന്മുടിയില്‍ പഴയ ഗസ്റ്റ് ഹൌസ് പൊളിച്ചുമാറ്റി നാലു കോടി രൂപ ചെലവഴിച്ചാണു പുതിയ ഗസ്റ്റ് ഹൌസ് നിര്‍മിക്കുക. കൂടുതല്‍ അതിഥികളെ വരവേല്‍ക്കാനുള്ള സൌകര്യത്തോടെ 24 മുറികളുണ്ടാവും.  ഫെബ്രുവരി ആദ്യം  മുഖ്യമന്ത്രി തറക്കല്ലിടും.  അപ്പര്‍ സാനറ്റോറിയത്തില്‍ വിനോദസഞ്ചാരികള്‍ക്കു കയറിനില്‍ക്കാന്‍ സ്ഥലമില്ലെന്ന പരാതി പരിഹരിക്കുന്നതിനു 90 ലക്ഷം രൂപ ചെലവില്‍ പരിസ്ഥിതിക്കിണങ്ങുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍  നിര്‍മിക്കും.  റിസപ്ഷന്‍, ചെറിയ കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമത്തിനുള്ള സൌകര്യം തുടങ്ങിയവ ഉള്‍പ്പെടുന്നതാണിത്.

കോവളത്തു ശുദ്ധജല വിതരണ പദ്ധതിക്കായി 15 കോടി രൂപയാണു ടൂറിസം വകുപ്പ് നീക്കിവച്ചിരിക്കുന്നത്.  ജല അതോറിറ്റിയായിരിക്കും ഇതു നടപ്പാക്കുക. നിര്‍മാണം ഉടന്‍ തുടങ്ങും.  49 ലക്ഷം രൂപ ചെലവില്‍ ചെടികളും മറ്റും വച്ചു കടലിലേക്കു തള്ളിനില്‍ക്കുന്ന ഇടക്കല്ല് സൌന്ദര്യവല്‍ക്കരിക്കും.  ഇതിന്റെ നിര്‍മാണ ഉദ്ഘാടനം
24നു  നടക്കും.  കോവളത്തെ ടൂറിസം മേഖലയിലെ റോഡുകള്‍ വികസിപ്പിക്കും.  സമുദ്ര ഹോട്ടലിലേക്കുള്ള റോഡും ഫുട്പാത്തും നവീകരിക്കും.  പാര്‍ക്കിങ് സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും.  ഒരു വര്‍ഷത്തിനുള്ളില്‍ കോവളത്തെ മാലിന്യമുക്തമാക്കുന്നതിനു സീവേജ് പ്ളാന്റ് സ്ഥാപിക്കും.

ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിനെക്കുറിച്ചു തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ സര്‍വേ തുടങ്ങി.  ആധുനിക മാലിന്യ സംസ്കരണ സംവിധാനമാണു കോവളത്തു വരിക.  ബീച്ചിലേക്ക് ഒഴുകിയെത്തുന്ന അഴുക്കുചാലുകള്‍ തടഞ്ഞു മറ്റു നിര്‍ഗമന മാര്‍ഗങ്ങള്‍ നിര്‍മിക്കും.  ചാക്ക മുതല്‍ കോവളം വരെ  ദേശീയപാതയുടെ ഇരുവശവും മാലിന്യം നീക്കി സൌന്ദര്യവല്‍ക്കരിക്കും.  സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും ഇതു ചെയ്യുക.
ആക്കുളത്തെ നവീകരണത്തിനു 3.59 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നവീകരണ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.

സ്വിമ്മിങ് പൂളിന്റെയും കുട്ടികളുടെ പാര്‍ക്കിന്റെയും നവീകരണമാണു പ്രധാനമായും നടപ്പാക്കുക.  പൂന്തോട്ട നവീകരണം, വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കല്‍, മ്യൂസിക്കല്‍ ഫൌണ്ടന്‍ അറ്റകുറ്റപ്പണി, വെള്ളച്ചാട്ടം പ്രവര്‍ത്തനക്ഷമമാക്കുക എന്നിവയുടെ  ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.  ആക്കുളത്തെ തടാകത്തിന്റെ നവീകരണം ജലവിഭവ വകുപ്പിന്റെ ചുമതലയാണ്.  കായലിലെ പായല്‍ നീക്കംചെയ്തു ജലം വൃത്തിയാക്കുന്ന നടപടി പൂര്‍ത്തിയായാല്‍  ബോട്ട് ക്ളബ് നവീകരിച്ചു ബോട്ട് സര്‍വീസ് തുടങ്ങും.  ഇ ടോയ്ലറ്റുകളും  സ്ഥാപിക്കുന്നുണ്ട്.

വര്‍ക്കലയില്‍ നവീകരണ ജോലികള്‍ അടുത്ത മാസം ആദ്യം തുടങ്ങും.  ഹെലിപ്പാഡ് മേഖല സൌന്ദര്യവല്‍ക്കരിച്ചു വൈദ്യുത ദീപങ്ങള്‍ സ്ഥാപിക്കും.  1.36 കോടി രൂപയുടെ വികസനമാണു നടത്തുന്നത്.  കാപ്പില്‍ ബോട്ട് ക്ളബ് സജീവമാക്കി കൂടുതല്‍ വിനോദസഞ്ചാര ബോട്ട് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും.  അവിടെ നിന്നു ഹരിഹരപുരത്തേക്കു ബോട്ട് സര്‍വീസ് തുടങ്ങും.  ഇതിനായി ഹരിഹരപുരത്തു ബോട്ട്ജെട്ടി നിര്‍മിക്കും.  ഓപ്പണ്‍ എയര്‍ തിയറ്ററിനു പുറമെ ഹെലിപ്പാഡ് മേഖലയില്‍ സഞ്ചാരികള്‍ക്കു കടലോരഭംഗിയും അസ്തമയവും ആസ്വദിച്ചിരിക്കാനുള്ള സൌകര്യവും ഇ ടോയ്ലറ്റും ഏര്‍പ്പെടുത്തും.

വര്‍ക്കല ക്ളിഫ് സംരക്ഷിക്കാന്‍ സംവിധാനമുണ്ടാക്കും.  സമുദ്ര തീര വികസനത്തിനു പുറമെ കായല്‍ ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം.  പ്രകൃതിഭംഗിയുള്ള അരിവാളം, റാത്തിക്കല്‍ എന്നീ കടല്‍ത്തീരങ്ങളില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നവീകരിക്കുന്ന നാലു പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അടിസ്ഥാന സൌകര്യ വികസനം, മാലിന്യ നിര്‍മാര്‍ജനം, സൌന്ദര്യവല്‍ക്കരണം എന്നിവയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു മന്ത്രി  പറഞ്ഞു.