പാലോട്: നഗരത്തിലെ മാലിന്യം പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍ കുരിശടി വനമേഖലയില്‍ തള്ളാന്‍ തീരുമാനിച്ചതായി അറിയുന്നു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്നലെ ഒരു സംഘം വനമേഖല സന്ദര്‍ശിച്ചു. കാട് വെട്ടിത്തെളിക്കുന്ന ജോലി ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. എന്നാല്‍ ജില്ലയുടെ പല ഭാഗങ്ങളിലായി മാലിന്യം തള്ളുന്നതിന്റെ ഭാഗമായിട്ടാണു കുരിശടിയിലെ വനമേഖലയിലും ഭാഗികമായിട്ടു തള്ളുന്നതെന്ന് അറിയുന്നു.
ഇക്കഴിഞ്ഞ 13നു ഡപ്യൂട്ടി കലക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തിയതും ഇടിഞ്ഞാര്‍ കുരിശടിയില്‍ മാലിന്യം തള്ളാന്‍ നീക്കമുണ്ടെന്നും 'മനോരമ വാര്‍ത്ത നല്‍കിയിരുന്നു. അന്ന് ഇതു സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. എന്നാല്‍ മാലിന്യം തള്ളാന്‍ നീക്കമില്ലന്നാണു വനം വകുപ്പ് ഇപ്പോഴും പറയുന്നത്. അതേസമയം മാലിന്യം തള്ളുന്നതിനെതിരെ ഇടിഞ്ഞാറില്‍ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. കുരിശടിയില്‍ മാലിന്യം തള്ളുന്നതു സമീപത്തെ മങ്കയം ഇക്കോ ടൂറിസത്തെയും കോളനി നിവാസികളെയും സാരമായി ബാധിക്കുമെന്നും മാലിന്യം തള്ളാനുള്ള പ്രവര്‍ത്തനങ്ങളെ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.


