WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, January 24, 2012

ശുദ്ധജല വിതരണം മലിനമാക്കാന്‍ ഒരു മാലിന്യ പ്ലാന്റ്


നെടുമങ്ങാട്: കുടിവെള്ള സ്രോതസ്സില്‍ മാലിന്യം കലര്‍ത്തുന്നത് പഞ്ചായത്ത്രാജ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. കിള്ളിയാറ്റില്‍ മാലിന്യമെറിഞ്ഞ മൂന്നു പേരെ ഈ നിയമപ്രകാരമാണ് നെടുമങ്ങാട് പൊലീസ് അടുത്തിടെ അകത്താക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ വാമനപുരം നദിയില്‍ മാലിന്യ നിക്ഷേപത്തിന് കോപ്പു കൂട്ടുന്നതും ഇതേ അധികാരികളാണെന്നതാണ് വിരോധാഭാസം. വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാറിന്റെ ഉത്ഭവസ്ഥാനമായ ഇടിഞ്ഞാര്‍ മങ്കയത്ത് തലസ്ഥാന നഗരത്തിലെ മാലിന്യം തള്ളാന്‍ നടക്കുന്ന ഒരുക്കങ്ങളാണ് അധികാരികളെ പ്രതിക്കൂട്ടിലാക്കുന്നത്.

ചിറയിന്‍കീഴ് അഞ്ചുതെങ്ങ് കായലില്‍ പതിക്കുന്നതിനിടയില്‍ 75 ലേറെ ശുദ്ധജല വിതരണ സ്റ്റേഷനുകളാണ് വാമനപുരമാറിന്റെ കരകളില്‍ പ്രവര്‍ത്തിച്ചു പോരുന്നത്. തലയ്ക്കല്‍ തള്ളുന്ന മാലിന്യക്കൂനകള്‍ അഴുകിയൊലിച്ച് ഈ ശുദ്ധജല വിതരണ സംവിധാനങ്ങളാകെ നോക്കുകുത്തികളാകാന്‍ അധികനാള്‍ വേണ്ടി വരില്ല. പൈപ്പു വെള്ളത്തെ ആശ്രയിച്ചു പോരുന്ന പെരിങ്ങമ്മല, നന്ദിയോട് , പാങ്ങോട് , കല്ലറ, വാമനപുരം , പുളിമാത്ത്, നഗരൂര്‍, ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ആറ്റിങ്ങല്‍ നഗരസഭയിലെയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ രോഗ ദുരിതത്തിലാകുമെന്നും ഉറപ്പ്.
മാലിന്യപ്ളാന്റ് മങ്കയത്ത് സ്ഥാപിക്കാനുള്ള ആലോചനയുമായി സ്ഥലം സന്ദര്‍ശിച്ച ഡെപ്യൂട്ടി കളക്ടറേയും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും റവന്യൂ ഉദ്യോഗസ്ഥരെയും വരാന്‍ പോകുന്ന ദുരന്തത്തിന്റ ആഴം പരാമവധി ബോദ്ധ്യപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ലെന്നാണ് ദ്രുതഗതിയിലുള്ള നടപടികള്‍ നല്‍കുന്ന സൂചന. ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമെന്ന പരിഗണനപോലും മുഖവിലയ്ക്കെടുക്കാതെയാണ് അധികൃതരുടെ നടപടി. മാലിന്യ സംസ്കരണത്തിന്റെ പേരില്‍ മുന്‍ പിന്‍ നോക്കാതെയുള്ള ഈ നീക്കം വാമനപുരമാറിനെ മറ്റൊരു കാളിന്ദിയാക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.