കല്ലറ: പാങ്ങോട് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഉച്ചവരെ മാത്രം. അധികൃതരുടെ ഈ നടപടിയില്‍ പരക്കെ പ്രതിഷേധം. വില്ലേജ് ഓഫീസറോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതിരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങിയിട്ടും ഇവിടത്തുകാര്‍ പ്രതിഷേധിക്കാതിരുന്നത്.
പക്ഷേ ഇപ്പോള്‍ പുതിയ വില്ലേജ് ഓഫീസര്‍ ചുമതലയേറ്റിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം പുനഃസ്ഥാപിച്ചില്ല. വിവിധ ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കും ജാതി, ക്രീമിലെയര്‍, കൈവശാവകാശ രേഖകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായും ധാരാളംപേര്‍ ദിവസേന ഇവിടെ വരുന്നുണ്ട്.
തിരക്കുകാരണം നീണ്ട ക്യൂ ഇവിടത്തെ പതിവു കാഴ്ചയാണ്. എന്നാല്‍ ഉച്ചയായാലും ക്യൂവില്‍ നില്ക്കുന്ന പലര്‍ക്കും വില്ലേജ് ഓഫീസറെ കാണാന്‍ പറ്റാറില്ല. ഉച്ചകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റും കിട്ടില്ല. ഇതുകാരണം അടുത്ത ദിവസവും വരേണ്ടിവരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വൈകുന്നേരം വരെ ആക്കുകയോ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുകയോ വേണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.


