മടത്തറ: മടത്തറ ശിവന്‍മുക്കില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന രാജവെമ്പാലയെ പിടികൂടി. മടത്തറ ശിവന്മുക്ക് സെറ്റില്‍മെന്റ് കോളനിയില്‍ അബ്ദുല്‍മനാഫിന്റെ വീട്ടിന് മുകളിലായിരുന്നു അപകടഭീതി ഉണര്‍ത്തി രാജവെമ്പാല ഇരുന്നത്.
സെറ്റില്‍മെന്റ് പ്രദേശത്തെ വീടുകള്‍ക്ക് സമീപം ഭീതിവിടര്‍ത്തി ഇഴഞ്ഞുനടന്ന രാജവെമ്പാല ഒരു നായുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് വീടിന്റെ മേല്‍ക്കൂരയിലേക്ക് കയറിയത്.
നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ദ്ധനായ വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു.
വെളിച്ചം കടന്നെത്താത്ത മുറിയില്‍ രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.
പതിനാല് അടി നീളമുള്ള പെണ്‍പാമ്പാണ് പിടിയിലായതെന്ന് വാവ സുരേഷ് പറഞ്ഞു. പാമ്പിനെ പിന്നീട് ശംഖിലി വനമേഖലയില്‍ തുറന്നുവിട്ടു.


