വിതുര: കലുങ്ക് ജംക്ഷനിലെ വെള്ളക്കെട്ട് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജംക്ഷനിലെ ഒാടകള്‍ പൊളിച്ചുതുടങ്ങി. സ്ലാബുകള്‍ മാറ്റിയപ്പോള്‍ ടണ്‍കണക്കിനു മാലിന്യങ്ങളാണു കുമിഞ്ഞുകൂടി കിടന്നത്. ഒാടകള്‍ പൂര്‍ണമായും അടഞ്ഞതോടെ മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ വരികയും ജംക്ഷന് വെള്ളക്കെട്ടായി മാറുകയും ചെയ്യും. മഴപെയ്യുമ്പോള്‍ കടകളിലേക്കു വെള്ളം ഇരച്ചുകയറാറുണ്ട്. അനവധി തവണ വെള്ളം കയറി കടകളിലെ സാധനങ്ങള്‍ നശിക്കുകയും കച്ചവടക്കാര്‍ക്കു വന്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ഇൌ പ്രതിഭാസം തുടരുകയായിരുന്നു.
പുതിയ പഞ്ചായത്തു ഭരണസമിതി അധികാരത്തിലേറിയശേഷം കലുങ്ക് ജംക്ഷനിലെ വ്യാപാരികള്‍ അനവധി തവണ നിവേദനം നല്കി. തുടര്‍ന്ന് ഒാടകളിലെ മാലിന്യം നീക്കം ചെയ്തു വെള്ളക്കെട്ട് ഒഴിവാക്കാന്‍ പഞ്ചായത്ത്കമ്മിറ്റി തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണു ജംക്ഷനിലെ ഒാടകള്‍ ശുചീകരിക്കുന്നതെന്നും ഒാടകള്‍ വൃത്തിയാകുന്നതോടെ വെള്ളക്കെട്ട് മാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, വൈസ്പ്രസിഡന്റ് ശാന്തി ജി നായര്‍ എന്നിവര്‍ അറിയിച്ചു.


