പാലോട്: ഏതു നിമിഷവും നിലംപൊത്താവുന്ന വീടിന്റെ കോലം കണ്ടിട്ടും ബന്ധപ്പെട്ടവര്‍ക്കു രാഷ്ട്രീയതിമിരം ബാധിച്ചതുമൂലം വീടിന്റെ ആനുകൂല്യത്തിന് ഒന്നാം നമ്പര്‍ പേരുണ്ടായിരുന്ന കുടുംബത്തെ വെട്ടിമാറ്റി ഏഴാമതാക്കിയതായി പരാതി. നന്ദിയോട് പഞ്ചായത്തിലെ പാലുവള്ളി വാര്‍ഡില്‍ ഇന്ദിരാ നഗര്‍ തടത്തരികത്തു വീട്ടില്‍ റോസ്മേരിയാണ് അവഗണനയുടെ കയത്തിലായത്. ഗ്രാമസഭയില്‍ വായിച്ചപ്പോള്‍ റോസ്മേരിയുടെ പേര് ഒന്നാമതായിരുന്നതായി സമീപവാസികളും പറയുന്നു.
എന്നാല്‍ പഞ്ചായത്തില്‍ ലിസ്റ്റിട്ടപ്പോള്‍ ഏഴാമതായി. ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പലര്‍ക്കും ഇതിനെക്കാള്‍ നല്ല വീടുള്ളവരാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു പഞ്ചായത്തില്‍ നാട്ടുകാര്‍ ഒപ്പിട്ടു പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും റോസ് മേരി പറയുന്നു. കഴിഞ്ഞ ദിവസം റോസ്മേരിയുടെ വീടിന്റെ പിന്നാമ്പുറം ഇടിഞ്ഞുവീണു. ഓടുകള്‍ ഇളകിവീണുകൊണ്ടിരിക്കുന്നു.
പ്ളാസ്റ്റിക് കൊണ്ടു മൂടിയിരിക്കുന്നതുമൂലം ചോര്‍ച്ചയില്‍ നിന്നും വെയിലില്‍ നിന്നും അല്പം ആശ്വാസം കിട്ടും. പക്ഷേ ഏതു നിമിഷവും നിലംപൊത്തുമെന്ന ആശങ്കയില്‍ ഉറക്കമില്ലാത്ത രാത്രികളാണ് ഇവര്‍ക്ക്. അതേസമയം, ലിസ്റ്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഗ്രാമസഭ തിരഞ്ഞെടുത്ത ക്രമത്തിനു തന്നെയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ന്യൂനപക്ഷ വിഭാഗത്തിലാണ് അപേക്ഷ നല്‍കിയതെന്നും അതിന്റെ ഫണ്ട് ആയിട്ടില്ലെന്നും വാര്‍ഡ് അംഗം സിന്ധു പ്രദീപ് പറഞ്ഞു.


