വിതുര: പേപ്പാറ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന മൂന്നു കാട്ടാനകള്‍ നാട്ടുകാര്‍ക്കും ആദിവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഭീഷണിയായി. ഒരു മോഴയും പിടിയാനയും കുട്ടിക്കൊമ്പനുമാണ് ഒരു മാസത്തിലേറെയായി പേപ്പാറ, പൊടിയക്കാല, അഞ്ചുമരുതുംമൂട്, സുന്ദരിമുക്ക് മേഖലകളില്‍ തമ്പടിച്ചു ഭീതിയും നാശവും വിതച്ചു വിഹരിക്കുന്നത്. പേപ്പാറ ഫോറസ്റ്റ് റേഞ്ച് ഒാഫിസിന്റെ മതില്‍ കഴിഞ്ഞ ദിവസം ആനകള്‍ തകര്‍ക്കുകയും കെഎസ്ഇബി, ജല അതോറിറ്റി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അനവധി തവണ ഇൌ മൂന്ന് ആനകള്‍ ഒാടിച്ചിട്ടുണ്ടെന്നും കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നും പറയുന്നു. രാവിലെ വിതുര ഡിപ്പോയില്‍നിന്നു പേപ്പാറയിലേക്കു പുറപ്പെടുന്ന ബസിനു മുന്നില്‍ നടുറോഡില്‍വച്ച് ആനകള്‍ തടസ്സം സൃഷ്ടിക്കാറുണ്ട്. ഫോറസ്റ്റ് ഒാഫിസ് പരിസരത്തുനിന്ന പ്ളാവിലെ ചക്കകള്‍ മുഴുവന്‍ കാട്ടാന തിന്നു. മറ്റു കൃഷികളും നശിപ്പിച്ചു. ആദിവാസി മേഖലയിലും ഇൌ ആനകള്‍ വ്യാപകമായി കൃഷിനാശം വിതച്ചിട്ടുണ്ട്. സന്ധ്യമയങ്ങിയാല്‍ കാട്ടാനകളുടെ ശല്യംമൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പേപ്പാറ അയ്യപ്പ ക്ഷേത്രം, അഞ്ചുമരുതുംമൂട് എന്നിവിടങ്ങളിലാണ് ആനകള്‍ അധിക സമയവും നില്‍ക്കുന്നതെന്നു പറയുന്നു.
മഞ്ഞുവീഴ്ചയും തണുപ്പുമുള്ളതിനാല്‍ ആനകള്‍ ഉള്‍ക്കാട്ടിലേക്കു മടങ്ങാതെ പകല്‍ പോലും ജനവാസ മേഖലകളില്‍ ഇറങ്ങുകയാണ്. പൊടിയക്കാല നിന്നു സ്കൂളിലേക്കു പുറപ്പെട്ട നാലു വിദ്യാര്‍ഥികളെ അഞ്ചുമരുതുംമൂടിനു സമീപം ഒാടിച്ചതും
പൊടിയക്കാല സ്വദേശി അപ്പുക്കുട്ടന്‍ കാണിയെ കൊന്നതും ഇൌ മൂന്ന് ആനകളാണെന്ന് ആദിവാസികള്‍ പറയുന്നു. ഉപജീവനത്തിനായി വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെയും വിനോദസഞ്ചാരാര്‍ഥം പേപ്പാറ ഡാം സന്ദര്‍ശിക്കാനെത്തിയവരെയും ഇൌ മൂന്നംഗസംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ആനകള്‍ ഉള്‍ക്കാട്ടിലേക്കു മടങ്ങാതെവന്നതോടെ ആദിവാസികളും ബുദ്ധിമുട്ടിലായി. അഞ്ചു വര്‍ഷം മുന്‍പു പേപ്പാറ, കോട്ടൂര്‍ ഫോറസ്റ്റ് റേഞ്ചുകളില്‍ ഭീതിയും നാശവും മരണവും വിതച്ചു വിഹരിച്ച കൊലകൊല്ലി എന്ന ഒറ്റയാന്‍ ആനയെ പിടികൂടിയതു പോലെ ജനത്തിന്റെ ജീവനു ഭീഷണിയായി മാറിയ ഇൌ മൂന്ന് ആനകളെയും പിടികൂടണമെന്നാണ് ആദിവാസികളുടെയും മറ്റും ആവശ്യം.ം.

