വിതുര: വനത്തിലെ പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ വനപാലകര്‍ എത്തി രക്ഷപ്പെടുത്തി. വിതുര ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള മണിതൂക്കി ഒറ്റക്കുടി വനത്തിലാണ് ഇന്നലെ ഉച്ചയോടെ ഒരു മാസം പ്രായമുള്ള കുട്ടിയാന പാറയിടുക്കില്‍ വീണത്. കുട്ടിയാനയുടെ നിലവിളി കേട്ട ആദിവാസികള്‍ വനത്തില്‍ പരിശോധ നടത്തിയപ്പോഴാണ് ആനക്കുട്ടി പാറയിടുക്കില്‍ വീണുകിടക്കുന്നതു കണ്ടത്. ഉടന്‍ വനപാലകരെ വിവരം അറിയിച്ചു.
പിടിയാന കുട്ടിയാനയ്ക്കു സമീപം ഉണ്ടായിരുന്നെങ്കിലും വനപാലകര്‍ എത്തിയതോടെ മാറിനിന്നു. വനപാലകര്‍ ഒരുമണിക്കൂറോളം പരിശ്രമിച്ചു കുട്ടിയാനയെ പാറയിടുക്കില്‍ നിന്നു മുകളില്‍ എത്തിച്ചു. കുട്ടിയാനയെ പാറയിടുക്കില്‍നിന്നു രക്ഷപ്പെടുത്തിപ്പോള് പിടിയാന പാറക്കെട്ടിനടുത്തെത്തുകയും കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഒരു മാസം മുന്‍പ് ഒറ്റക്കുടിയിലാണ് ഇൌ ആന പ്രസവിച്ചത്. കുട്ടിയാനയും പിടിയാനയും ഒരാഴ്ചയായി മണിതൂക്കി, ഒറ്റക്കുടി ആദിവാസി മേഖലയില്‍ ചുറ്റിത്തിരിയുകയാണ്.


