വിതുര: ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയുടെ ശനിദശ മാറുന്നു. അഞ്ചുകോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ടൂറിസംവകുപ്പും സര്‍ക്കാരും തീരുമാനിച്ചതായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ശോച്യാവസ്ഥയിലായ പൊന്മുടി ഗസ്റ്റ് ഹൌസ് പൊളിച്ചു മാറ്റി കൂടുതല്‍ മുറികളും മറ്റും നിര്‍മിക്കും. കന്റീന്‍ നവീകരിക്കും. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മികച്ച ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കും. സഞ്ചാരികള്‍ക്കു താമസിക്കാന്‍ കുറഞ്ഞ നിരക്കില്‍ റൂമുകള്‍ നല്‍കും.
ഗസ്റ്റ്ഹൌസ് വികസനത്തിനു നാലുകോടി രൂപയാണു ചെലവഴിക്കുന്നത്. അപ്പര്‍സാനറ്റോറിയത്തില്‍ കോഫിഹൌസ്, വെയിറ്റിങ്ഷെഡ്, ടോയ്ലറ്റ് എന്നിവ നിര്‍മിക്കാനും തീരുമാനമായി. ഇതിന് ഒരു കോടിയോളം രൂപ വിനിയോഗിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടുത്തമാസം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്ന് എ.പി. അനില്‍കുമാര്‍ അറിയിച്ചു. പൊന്മുടിയുടെ ശോച്യാവസ്ഥയെക്കുറിച്ചു പഠിക്കാനും ആവശ്യമായ വികസനപ്രവര്ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനുമായി മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാറും, എ.പി. അനില്‍കുമാറും പൊന്മുടി സന്ദര്‍ശിച്ചിരുന്നു. പൊന്മുടിയില് വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു വാഗ്ദാനം ചെയ്തശേഷമാണ് അനില്‍കുമാറും, ഗണേഷ്കുമാറും പൊന്മുടി മലയിറങ്ങിയത്.


