വിതുര: പൊടിയക്കാലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ചിരകാലസ്വപ്നം പൂവണിയിച്ചുകൊണ്ട് ഇവിടെ നിന്നു മീനാങ്കല്‍ സ്കൂളിലേക്കു ജീപ്പ് സര്‍വീസ് ആരംഭിച്ചു. ഇനി കുട്ടികള്‍ക്കു വഴിമധ്യേ ആനയെക്കണ്ടു ഭയന്നോടാതെ സ്കൂളിലെത്താം. പട്ടികജാതി- പട്ടികവര്‍ഗ വികസനവകുപ്പാണു കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്നതിനും മടങ്ങുന്നതിനുമായി രണ്ടരമാസത്തേക്കു രണ്ട് ജീപ്പ് സര്‍വീസ് ഏര്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം വനംവകുപ്പ് ഇൌ ചുമതല ഏറ്റെടുക്കും.
സാധാരണ ആനകളുടെ വിഹാരകേന്ദ്രങ്ങളിലൂടെ ആനത്താരകള്‍ താണ്ടി മൂന്നു കിലോമീറ്ററോളം കൊടുംകാട്ടിലൂടെ ജീവന് പണയംവച്ചു നടന്നാണു വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത്. അനവധി തവണ കുട്ടികളെ കാട്ടാനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മിക്കപ്പോഴും കഷ്ടിച്ചാണു രക്ഷപ്പെട്ടിട്ടുള്ളത്. ആനയെ ഭയന്നു വിദ്യാഭ്യാസം നിര്‍ത്തിയവരുമുണ്ട്. 18 വിദ്യാര്‍ഥികളാണു പൊടിയക്കാലയില്‍ നിന്നു മീനാങ്കല്‍ സ്കൂളില്‍ പോകുന്നത്.
ഇന്നലെ രാവിലെ പൊടിയക്കാലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ജീപ്പ് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ ആഹ്ളാദത്തോടെ കരഘോഷം മുഴക്കി. പഞ്ചായത്തംഗങ്ങളായ ശാന്താവിക്രമന്,ജി.ഡി.ഷിബുരാജ്,ജി.ഗിരീഷ്കുമാര്‍,നെടുമങ്ങാട് ഐടിഡിപി പ്രോജക്ട് ഒാഫിസര്‍ എസ്.സുദര്ശനന്,
പൊടിയക്കാല ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളെ പ്രസിഡന്റും സംഘവും ജീപ്പില്‍ മീനാങ്കല്‍ സ്കൂളില്‍ കൊണ്ടെത്തിച്ചശേഷമാണു മടങ്ങിയത്.
ജീപ്പ് സര്‍വീസ് ആരംഭിച്ച് ആനകളുടെ പിടിയില്‍ നിന്നു കുട്ടികളുടെ ജീവന് രക്ഷിച്ച പട്ടികവര്‍ഗ വകുപ്പിനും സര്‍ക്കാരിനും പൊടിയക്കാല നിവാസികള്‍ നന്ദി രേഖപ്പെടുത്തി. പൊടിയക്കാലയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി വനംവകുപ്പ് മരങ്ങള്‍ മുറിച്ചുമാറ്റി. അടുത്തമാസത്തോടെ ലൈനിന്റെ പണികള്‍ ആരംഭിക്കും. മാര്‍ച്ചോടെ പൊടിയക്കാലയില്‍ വെളിച്ചം എത്തിക്കാനാണു തീരുമാനം.


