പെരിങ്ങമ്മല: പുതുതായി പ്രവര്‍ത്തനം തുടങ്ങിയ പെരിങ്ങമ്മല ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വാഹനം കയറാന്‍ വഴിയില്ല. ഇക്കാരണത്താല്‍ ഇവിടേയ്ക്ക് കൊണ്ടുവരുന്ന വിലപിടിപ്പുള്ള വൈദ്യുത ഉപകരണങ്ങള്‍ പെരുവഴിയില്‍ കൊണ്ടിറക്കുന്നു. ഇത് പലസാധനങ്ങളും നഷ്ടംവരുന്നതിന് ഇടയാക്കുന്നതായി പരാതി.
വില്ലേജ് ഓഫീസിലേക്ക് ചേര്‍ന്ന് കൃഷിഭവനുവേണ്ടി പണിത കെട്ടിടത്തിലാണ് വൈദ്യുത ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തുകൂടിയാണ് വൈദ്യുത ഓഫീസിലേക്ക് പോകുന്നതിനുള്ള ചെറിയ ഇടുങ്ങിയവഴി. ഈ വഴിയിലൂടെ വലിയ വാഹനങ്ങള്‍ കയറാറില്ല. അതിനാല്‍ ഇവിടെ കൊണ്ടുവരേണ്ട വിലകൂടിയ വൈദ്യുത ഉപകരണങ്ങള്‍ റോഡിന് പുറത്തോ സമീപപ്രദേശങ്ങളിലോ ഇറക്കുകയാണ് പതിവ്. ഇത് മിക്കപ്പോഴും മോഷണശ്രമത്തിന് കാരണമാകുന്നതായി ജീവനക്കാര്‍ പറയുന്നു.
വില്ലേജ് ഓഫീസിന് സമീപത്തുനിന്നും സ്വകാര്യവ്യക്തിയുടെ രണ്ടടി വീതിയിലുള്ള വസ്തുകൂടി വാങ്ങി ചേര്‍ത്താല്‍ തീരാവുന്ന പ്രശ്നമാണ് നിലവിലുള്ളത്. എന്നാല്‍, ഇത് ഗ്രാമപ്പഞ്ചായത്ത് വാങ്ങുമോ, അതോ കെ.എസ്.ഇ.ബി. വാങ്ങണോ എന്ന പ്രശ്നത്തിന് പരിഹാരമില്ല. കെട്ടിടം ഇരിക്കുന്ന സ്ഥലം കെ.എസ്.ഇ.ബി.ക്ക് വിട്ടുനല്‍കിയാല്‍ തങ്ങള്‍ വഴി കണ്ടെത്തിക്കൊള്ളാം എന്ന നിലപാടിലാണ് വൈദ്യുതവകുപ്പ്. എന്നാല്‍, ഈ വിഷയത്തില്‍ ഗ്രാമപ്പഞ്ചായത്ത് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.


