തിരുവനന്തപുരം: തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട ജൈവവൈവിധ്യ പ്രാധാന്യമുള്ള പൊന്മുടിയില് പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും വലിച്ചെറിയുന്നത് തടയാന്‍ പൊന്മുടി ഇക്കോടൂറിസം കൗണ്ടറില്‍ വനം വകുപ്പ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. വിനോദസഞ്ചാരികള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് ഒന്നിന് 50 രൂപ നിരക്കില്‍ ക്വാഷന്‍ ഡെപ്പോസിറ്റ് ചെക്പോസ്റ്റില്‍ തന്നെ വാങ്ങും. കൊണ്ടുപോയ പ്ലാസ്റ്റിക് ബോട്ടിലുകളുമായി തിരിച്ചെത്തുമ്പോള്‍ തുക മടക്കി നല്‍കും. മറ്റുള്ളവര്‍ക്ക് കൗണ്ടറില്‍ നിന്നും ഒരു ലിറ്റര്‍ ശബരി ജലം കുപ്പിവെള്ളം 25 രൂപയ്ക്ക് നല്‍കുന്നതിനും ഒഴിഞ്ഞ ബോട്ടില്‍ തിരികെ കൗണ്ടറില്‍ നല്കുമ്പോള് പത്തു രൂപ തിരികെ നല്‍കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തി. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.പുഗഴേന്തി അറിയിച്ചു. പൊന്മുടിയെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ 'ക്ലീന്‍ പൊന്മുടി ഗ്രീന്‍ പൊന്മുടി' എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ജീവനക്കാര്‍, പാലോട്, പരുത്തിപ്പള്ളി, കുളത്തൂപ്പുഴ റെയ്ഞ്ചിലെ വനപാലകര്‍, പൊന്മുടി വി.എസ്.എസ്.അംഗങ്ങള്‍, പൊന്മുടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഏകദേശം 200 ചാക്ക് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ കഴിഞ്ഞു. പൊന്മുടിയുടെ പ്രകൃതിഭംഗിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.


