WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, January 29, 2012

കെണിയൊരുക്കി വേട്ടക്കാര്‍; ഭീതിയോടെ കര്‍ഷകര്‍


പാങ്ങോട്: കാട്ടുപന്നിയെ പിടികൂടാന്‍ വേട്ടക്കാരൊരുക്കുന്ന കെണി ഭയന്ന് കഴിയുകയാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് നിവാസികള്‍. കൃഷിയിടങ്ങളില്‍ രാത്രികാലങ്ങളില്‍ അതിക്രമിച്ചുകയറി കമ്പി വലിച്ചുകെട്ടി അതില്‍ വൈദ്യുതി കടത്തിവിട്ടാണ് വേട്ടക്കാര്‍ പന്നിക്ക് കെണിയൊരുക്കുന്നത്. ഇതാണ് നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുള്ളത്.

വിളവ് നശിപ്പിക്കാനെത്തുന്ന പന്നികളെ തുരത്താന്‍ കര്‍ഷകര്‍ കമ്പിവേലി നിര്‍മ്മിക്കാറുണ്ട്. ഈ അവസരമാണ് വേട്ടക്കാര്‍ മുതലെടുക്കുന്നത്. പന്നിശല്യം രൂക്ഷമാകുന്ന അവസരങ്ങളില്‍ പ്രദേശത്തെത്തുന്ന വേട്ടക്കാര്‍ കമ്പിവേലിയില്‍ വയര്‍ ഘടിപ്പിച്ചശേഷം മറുതല ഇലക്ട്രിക് ലൈനില്‍ നേരിട്ട് ഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ഇതിലൂടെ ശക്തമായ വൈദ്യുത പ്രവാഹമുണ്ടാവുകയും പന്നികള്‍ കെണിയിലാവുകയും ചെയ്യും. കെണിയിലകപ്പെടുന്ന പന്നികളെ വാഹനങ്ങളില്‍ കയറി ദൂരേയ്ക്ക് കൊണ്ടുപോവുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. വേട്ട തടയാന്‍ ശ്രമിച്ച നാട്ടുകാരെ വേട്ടക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി സൂചനയുണ്ട്.

വേട്ടക്കാര്‍ സ്ഥാപിക്കുന്ന കെണിയില്‍ തട്ടി ആര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ വസ്തു ഉടമ കേസിലകപ്പെടും. പന്നിയെ കുടുക്കാന്‍ കെണിയൊരുക്കിയത്് വനം വകുപ്പറിഞ്ഞാലും ഭൂവുടമയ്‌ക്കെതിരെ നടപടിയുണ്ടാകും. പന്നിയെ അകറ്റാന്‍ ഭൂവുടമ സ്ഥാപിച്ച കമ്പിവേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ഭൂവുടമയെ പോലീസ് അറസ്റ്റ് ചെയ്തത് അടുത്തകാലത്താണ്. വേലിയില്‍ വൈദ്യുതി കടത്തിവിട്ടതിനു പിന്നില്‍ ഭൂവുടമയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഉടമയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ചിലയിടങ്ങളില്‍ കര്‍ഷകര്‍ രാത്രികാലങ്ങളില്‍ വേലികളില്‍ വൈദ്യുതി കടത്തിവിടുന്നത് പതിവാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നൂ.

പന്നികള്‍ വിളവ് നശിപ്പിക്കുന്നത് വന്‍നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടൊപ്പം വേട്ടക്കാരുടെ ഭീഷണിയും കൂടിയായതോടെ പലരും കാര്‍ഷിക രംഗത്തുനിന്നും പിന്‍വാങ്ങുകയാണ്. ചെറുകിടകൃഷി ചെയ്തിരുന്നവരെല്ലാം റബ്ബര്‍ കൃഷിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വേട്ടക്കാരെ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.