പാലോട്: ഇന്നലെ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമൊക്കെ ധരിച്ചു ട്രാഫിക് നിയമങ്ങള്‍ പാലിച്ചു പോയ യാത്രക്കാരെയും പാലോട് പൊലീസ് തടഞ്ഞു നിര്‍ത്തി. ആശങ്കയോടെ വാഹനങ്ങള്‍ നിര്‍ത്തിയവര്‍ക്കു കിട്ടിയത് അനുമോദനത്തിന്റെ ഹസ്തദാനവും സമ്മാനമായി ഒരു പേനയം. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ പോയവരെയും തടഞ്ഞ പൊലീസ് പക്ഷേ സമ്മാനങ്ങള്‍ നല്കിയില്ലെങ്കിലും പെറ്റിയടിക്കാതെ ഉപദേശം നല്‍കിയത് അനുഗ്രഹമായി.
ട്രാഫിക് ബോധവല്‍ക്കരണ വാരാഘോഷ ഭാഗമായി നന്ദിയോട് എസ്കെവി എച്ച്എസിലെ തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളുമായി സഹകരിച്ച് പാലോട് പൊലീസ് ചെങ്കോട്ട റോഡില്‍ നടത്തിയ ബോധവല്‍ക്കരണമാണു ശ്രദ്ധേയമായത്. നിയമങ്ങള്‍ പാലിച്ചു യാത്ര ചെയ്യുന്നവരെ അനുമോദിക്കുകയും അല്ലാത്തവരെ ഉപദേശിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. എന്നാല്‍ ഇതൊരു ശീലമായി തുടരുമെന്ന് ആരും കരുതണ്ട. നിയമങ്ങള്‍ പാലിക്കാതെ പോയാല്‍ പെറ്റി ഉറപ്പാണ്. പരിപാടിക്കു പാലോട് സിഐ: പ്രദീപ്കുമാര്‍, എസ്ഐ: ബൈജു എന്നിവര്‍ നേതൃത്വം നല്കി.


