വിതുര: പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിലെ മണിതൂക്കി വനത്തിലെ പാറക്കെട്ടില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു രക്ഷപ്പെടുത്തി കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെത്തിച്ച കുട്ടിക്കൊമ്പന് ആരോഗ്യവാനായി കഴിയുന്നതായി വനപാലകര്‍ അറിയിച്ചു. മരുന്നും ഭക്ഷണവുമൊക്കെ കഴിച്ച് എല്ലാവരോടും ഇണങ്ങിക്കഴിഞ്ഞു കുട്ടിക്കൊമ്പന്. കുട്ടിക്കൊമ്പന് രണ്ടാഴ്ച പ്രായമേ ആയിട്ടുള്ളുവെന്നതിനാല്‍ പൊക്കിള്‍ക്കൊടി ഉണങ്ങിയിട്ടില്ല.
ഇതിനായി പ്രത്യേക ചികില്‍സ നല്‍കുന്നുണ്ട്. കരിക്കിന്‍വെള്ളം, ലാക്ടോജന്‍, ഒആര്‍എസ് ലായനി എന്നിവയും നല്കി. കുട്ടിക്കൊമ്പനെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കില്ല. അതേസമയം, മണിതൂക്കി ഒറ്റക്കുടിയില് ഇന്നലെ രാത്രിയും ആനക്കൂട്ടമെത്തി. മണിക്കൂറുകളോളം ആനക്കൂട്ടം ചിന്നംവിളിച്ച് ഇവിടെയുണ്ടായിരുന്നെന്ന് ആദിവാസികള്‍ പറഞ്ഞു. ആനത്താര ആയതിനാലാണ് ഇവിടെ ആനകള്‍ കൂട്ടത്തോടെ പതിവായി എത്തുന്നത്.


