ആദിവാസി ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍, സ്വകാര്യ എസ്റ്റേറ്റുകളിലേക്ക് പാലം നിര്‍മിക്കുന്നു. രണ്ടേകാല്‍ കോടി രൂപ ചെലവിട്ടാണ് വിതുര ആറ്റുമണപ്പുറത്തെ പാലം നിര്‍മാണം. പട്ടികവര്‍ഗ വകുപ്പിന്റെ നീക്കത്തിനെതിരെ പ്രദേശത്തെ ആദിവാസികളൊന്നടങ്കം രംഗത്തെത്തി. ഇത് ഒറ്റപ്പെട്ട പ്രതിഷേധമല്ല. വിതുര ആനപ്പാറ വനമേഖലയിലെ മുപ്പതിലധികം ആദിവാസി കോളനികളിലെ ഏഴുനൂറോളം കുടുംബങ്ങളുടെ ജീവന്മരണ പോരാട്ടമാണ്. ആറ്റിന്‍പുറം ഡാം സൈറ്റില് പാലം നിര്‍മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്.
ആറ്റില്‍ വെള്ളം നിറയുമ്പോള്‍ 18 കിലോമീറ്റര്‍ കൊടുംവനം ചുറ്റിയാണ് ഇവര്‍ വനത്തിനു പുറത്തെത്തുന്നത്. ഡാം സൈറ്റില് പാലം വന്നാnല്‍ ഈ ദൂരം നാല് കിലോമീറ്ററായി കുറയും. എന്നാല് ആദിവാസികളുടെ ദുരിതങ്ങളുടെ പേരില്‍ പട്ടികവര്‍ഗ വകുപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ച പാലം ചെന്നെത്തുന്നത് 4 കിലോമീറ്റര്‍ അകലെയുള്ള വൃന്ദാവന്‍ എസ്റ്റേറ്റിലേക്കാണ്. മറുകരയിലുള്ള സ്വകാര്യ റിസോര്‍ട്ടിനും പാലത്തിന്റെ പ്രയോജനം ലഭിക്കും. എസ്റ്റേറ്റ് ഭൂമിയിലൂടെ വനത്തിലേക്ക് നടപ്പാത നിര്‍മിക്കാന്‍ 38 ലക്ഷം രൂപ നല്‍കി സ്ഥലം വാങ്ങാനും വിതുര പഞ്ചായത്ത് ഒരുങ്ങുന്നുണ്ട്. ഡാംസൈറ്റിലെ പാലത്തിന് അനുകൂലമായി വിതുര റേഞ്ച് ഡി.എഫ്.ഒ നല്‍കിയ റിപ്പോര്‍ട്ടും പട്ടികവര്‍ഗ വകുപ്പ് അവഗണിച്ചു. ഈ മാസം എട്ടിന് പുതിയ പാലത്തിന്റെ തറക്കല്ലിടല്‍ നടത്താന്‍ സമ്മിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആദിവാസി കുടുംബങ്ങള്‍.