വിതുര: വന്യസൗന്ദര്യത്തിന്റെ ചൂടും ചൂരും അറിയാന്‍ നാടിന്റെ പല കോണില്‍ നിന്നുമെത്തുന്ന അഗസ്ത്യാര്‍കൂട സന്ദര്‍ശകരുടെ ഏക വിശ്രമകേന്ദ്രം ഈ യാത്രയിലെ രസംകൊല്ലിയാവുന്നു. ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് പരമാവധി സഹായങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും 15 വര്‍ഷത്തോളമായി അപകടനിലയിലുള്ള അതിരുമലയിലെ അതിഥിമന്ദിരത്തിന് ഇത്തവണയും മാറ്റമില്ല.
ഒരേസമയം 200 പേര്‍ അന്തിയുറങ്ങുന്ന കെട്ടിടമാണ് അതീവ ശോചനീയാവസ്ഥയില്‍ തുടരുന്നത്. അഗസ്ത്യമലയിലേക്ക് യാത്ര തുടങ്ങുന്നവര്‍ ഒരു പകല്‍ മുഴുവന്‍ നടന്നശേഷം തലചായ്ക്കുന്നത് അതിരുമലയിലാണ്. അഗസ്ത്യാര്‍കൂടം കണ്ടുമടങ്ങുന്നവരും ഇവര്‍ക്കൊപ്പം അന്തിയുറങ്ങും. പിറ്റേന്ന് രാവിലെ മലയിറങ്ങുന്നവര്‍ക്ക് 'രക്ഷപ്പെട്ടല്ലോ' എന്ന ആശ്വാസമുണ്ടെങ്കിലും ആദ്യകൂട്ടര്‍ക്ക് മടങ്ങുമ്പോള്‍ ഒരു രാത്രികൂടി ഇവിടെ കഴിയണമല്ലോ എന്ന ചിന്തയാണ്.
ഇടിഞ്ഞുതുടങ്ങിയ ചുമരുകളും മേല്‍ക്കൂരകളും കണ്ടപ്പോള്‍ത്തന്നെ യാത്രയുടെ 'ത്രില്‍' പകുതിപോയെന്ന് കഴിഞ്ഞദിവസം അതിരുമലയില്‍ അന്തിയുറങ്ങിയ ബാലരാമപുരം സ്വദേശി വി.ആര്‍. രാജേഷ് പറയുന്നു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ബോര്‍ഡ് കൂടി കാണുമ്പോള്‍ സമാധാനം നഷ്ടപ്പെടും. കൊടുംകാട്ടില്‍, കൊടുംതണുപ്പില്‍ അന്തിയുറങ്ങാന്‍ മറ്റെവിടെ പോകാന്‍? അതുകൊണ്ട് ഇ.ഡി.സി. കാന്റീനില്‍ നിന്ന് പായ വാങ്ങി ഇവിടെത്തന്നെ ചുരുണ്ടുകൂടുന്നു.
രാജേഷും സംഘവും അതിഥിമന്ദിരത്തിന്റെ ദുരവസ്ഥ വെളിവാക്കുന്ന ചിത്രങ്ങളെടുത്ത് 'മാതൃഭൂമി' ഓഫീസിലെത്തിച്ചു. പ്രകൃതിസ്‌നേഹികളായ ഇവര്‍ക്ക് വനംവകുപ്പിന്റെ യാത്രാനടത്തിപ്പിനെക്കുറിച്ച് മറ്റ് കാര്യമായ പരാതികളില്ല. സൗരോര്‍ജ പാനലുപയോഗിച്ച് അതിരുമലയില്‍ പ്രകാശമെത്തിച്ചത് നന്നായെന്നും ഇവര്‍ പറയുന്നു.
1993 ജനവരി നാലിന് തമ്പാനൂര്‍ രവി എം.എല്‍.എ.യാണ് അതിരുമലയിലെ മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത്. അധികം വൈകാതെ പണി പൂര്‍ത്തിയായെങ്കിലും നിര്‍മാണത്തകരാര്‍ കാരണം കെട്ടിടം പെട്ടെന്ന് തകര്‍ച്ചയിലാവുകയായിരുന്നു. ഉള്‍വനം, പൈതൃക ജൈവവൈവിധ്യമേഖല തുടങ്ങിയ പല കാരണങ്ങളാണ് അതിഥിമന്ദിര പുനര്‍നിര്‍മാണം വൈകുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിരത്തുന്നത്.