വിതുര: തമിഴ്‌നാട്ടില്‍ നിന്ന് ബോണക്കാട് വഴി വീശിയടിക്കുന്ന പാണ്ടിക്കാറ്റ് അല്പം വൈകി ഈ വര്‍ഷവുമെത്തി. ഡിസംബര്‍-ജനവരി മാസങ്ങളില്‍ ബോണക്കാട്, മരുതാമല മേഖലകളിലുള്ളവരുടെ പേടിസ്വപ്നമായ പാണ്ടിക്കാറ്റ് ഈ സീസണില്‍ ഏറ്റവും ശക്തി കാട്ടിയത് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു. രാവിലെ നാലുമണിയോടെ വീശിയടിച്ച കാറ്റ് വിതുരയും കടന്ന് തെന്നൂര്‍ അരയക്കുന്ന് വരെ നാശങ്ങളുണ്ടാക്കി. അടിപറമ്പില്‍ വിതുര കെ. ബാലക്കുറുപ്പിന്റെ വാഴത്തോട്ടത്തില്‍ നാശം വിതച്ച കാറ്റ് മക്കി ഐസെര്‍ ജങ്ഷനിലെ വീട്ടിന്റെ മേല്‍ക്കൂരയിലുള്ള ഓടുകളെ പറപ്പിച്ചു.
വഴുക്കന്‍പാറയില്‍ മരച്ചില്ല ഒടിഞ്ഞുവീണതുകാരണം പ്രഭാത ബസ് വഴിയിലായി. ബോണക്കാട് നിന്നുള്ള ആദ്യബസ്സാണ് വൈകിയത്.
ബോണക്കാട് നിവാസികളെത്തി ചില്ല മുറിച്ചുനീക്കിയശേഷമാണ് ബസ് വിതുരയിലേയ്ക്ക് വന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ടാപ്പിങ്ങിന് ഇറങ്ങിയവര്‍ക്ക് കാറ്റ് കാരണം ജോലി പൂര്‍ത്തിയാക്കാനായില്ല. ടാപ്പുചെയ്ത പലേടത്തും പാല്‍ച്ചിരട്ടകള്‍ കാറ്റില്‍ മറിയുകയും ചെയ്തു. ബോണക്കാട്, മരുതാമല, കല്ലാര്‍, കുളച്ചിക്കര, വിതുര, തെന്നൂര്‍ മേഖലകളില്‍ നിരവധി വൈദ്യുതി തൂണുകള്‍ നിലംപൊത്തിയതായി വിതുര കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ടും അറ്റകുറ്റപ്പണി മുഴുമിക്കാന്‍ കഴിഞ്ഞിട്ടില്ല.