പാലോട്: മീന്മുട്ടി ജല വൈദ്യുതിപദ്ധതിയുടെ വൃഷ്ടിപ്രദേശമായ ചൂടല്പത്തായക്കയത്തില് നിന്നും കരയിടിച്ചുള്ള മണല്‍കടത്ത് വ്യാപകം. അനധികൃതമായ മണല്‍ കടത്ത് മീന്മുട്ടി ജലവൈദ്യുത പദ്ധതിക്കും പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാര്ശ്വഭിത്തികള്ക്കും ഭീഷണിയാകുന്നു. പ്രതിദിനം അഞ്ചുമുതല്‍ പത്ത് ലോഡുവരെ മണലാണ് ഇവിടെ നിന്നും കടത്തിക്കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസം പാലോട് പോലീസ് പത്തായക്കയത്തിലെത്തി മണലൂറ്റ് തടസ്സപ്പെടുത്തിയിരുന്നു. അന്ന് പോലീസ് തടഞ്ഞിട്ട മണലും കഴിഞ്ഞദിവസം രാത്രി ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയി. രാത്രി മുഴുവന്‍ പല സംഘങ്ങളായി തിരിഞ്ഞ് കരയിടിച്ച് കോരിയെടുക്കുന്ന മണല്‍ പുലര്‍ച്ചെ ലോറികളെത്തി കടത്തിക്കൊണ്ടുപോവുകയാണ് പതിവ്. ഇത്തരത്തില്‍ പതിനായിരങ്ങളുടെ മണലാണ് പത്തായക്കയത്തില്‍ നിന്നും വിറ്റുപോകുന്നത്.
നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ പേരയം, ചൂടലിലാണ് പത്തായക്കയം. വാമനപുരം നദിയുടെ ഭാഗമായ പത്തായക്കയത്തില്‍ നിന്നും കരയിടിച്ചുള്ള മണല്‍ക്കടത്ത് പ്രദേശത്തിനാകെ ഭീഷണിയാണ്. നേരത്തെ പത്തായക്കയത്തില്‍ നിന്നും മണല്‍ കടത്തുന്നത് പാലോട് വില്ലേജോഫീസും പാലോട് പോലീസും സംയുക്തമായി കര്‍ശന നടപടികളിലൂടെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഒരിടവേളയ്ക്കുശേഷം മണല്‍ കടത്ത് വ്യാപകമാവുകയാണ്. പുലര്‍ച്ചയോടെ മണല്‍ കടത്താനെത്തുന്ന ലോറികളും മണല്‍ കടത്ത് സംഘങ്ങളും സൈ്വരജീവിതത്തിന് തടസ്സമാവുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.


