വിതുര: സഞ്ചാരി പ്രവാഹമുണ്ടാകുന്ന അവധി ദിനങ്ങളില്‍ തന്നെ പൊന്മുടിയില് വീണ്ടും ജലക്ഷാമം. മൂന്നുദിവസത്തോളമായി കുടിക്കാന്‍പോലും തുള്ളിവെള്ളം കിട്ടാത്ത അവസ്ഥയാണ് ഇവിടെ. നെടുമങ്ങാട് ജലഅതോറിട്ടിയുടെ കീഴില്‍ വരുന്ന ഈ മേഖലയില്‍ ജലക്ഷാമം ഇടയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മലമുകളിലെ ടാങ്കില്‍ പെയിന്റടിക്കുന്ന ജോലി നടക്കുന്നതിനാല്‍ ജലവിതരണം നിര്‍ത്തിവെച്ചിരിക്കുന്നതായി അധികൃതര്‍ പറയുന്നെങ്കിലും ഇതിന് അവധിദിനം തന്നെ തിരഞ്ഞെടുത്തത് എന്തിനെന്ന് വ്യക്തമല്ല. കുളച്ചിക്കരയില് ചെന്ന് കന്നാസില്‍ വെള്ളം ശേഖരിച്ച് സ്റ്റേഷനില്‍ എത്തിക്കുന്നതായി പൊന്മുടി പോലീസ് അറിയിച്ചു. മൂത്രപ്പുരയില്‍ വെള്ളമില്ലാത്തതുകൊണ്ട് ഇതിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ്സ്റ്റേഷനില്‍ കനത്ത ദുര്‍ഗന്ധമാണ്.

