കല്ലറ: പാങ്ങോട്, ഭരതന്നൂര്‍, കല്ലറ മേഖലകളില്‍ മോഷണം വ്യാപകമാകുന്നു. രണ്ടുദിവസത്തിനുള്ളില്‍ ഏഴോളം വീടുകളില്‍ മോഷണവും മോഷണശ്രമങ്ങളും നടന്നു. പാങ്ങോട് പഴവിളയില്‍ അമ്പലത്തിന്റെയും മദ്രസയുടെയും കാണിക്കവഞ്ചികള്‍ കവര്‍ന്നു. രാത്രി രണ്ടിനും പുലര്‍ച്ചെ നാലിനുമിടയിലാണ് മിക്കയിടങ്ങളിലും മോഷണം നടന്നത്. ഭരതന്നൂര്‍ക്കോണത്ത് ബിജുവിന്റെ വീട്ടില്‍ ജനല്‍ വഴിയിയായിരുന്നു മോഷണം.
കട്ടിലില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തോട്ടകൊണ്ട് കുത്തിയിട്ടശേഷം തോട്ട ഉപയോഗിച്ച് മാലയും പൊട്ടിച്ച് കള്ളന്‍മാര്‍ കടന്നു. ഇതേദിവസം ഇവരുടെ വീടിനടുത്തുള്ള ലാല്‍വിന്റെ ഭാര്യ രഞ്ജിതയുടെ കഴുത്തില്‍ കിടന്ന ഒരു പവന്റെ മാല കള്ളന്‍മാര്‍ കവര്‍ന്നു. പിന്‍വാതിലിന്റെ കുറ്റി ഇളക്കിയശേഷം അകത്തുകടന്ന് മാലയുടെ കൊളുത്ത് ഇളക്കിയായിരുന്നു അപഹരിച്ചത്.
ഭരതന്നൂര്‍ തഴമ്പന്നൂര്‍ കരിക്കകത്ത് കൃഷ്ണന്‍ ആശാരിയുടെ വീട്ടിലും ഇതേദിവസം മോഷണം നടന്നു. പിന്‍വാതിലിലൂടെ അകത്തുകടന്ന കള്ളന്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുഖത്ത് കൈയമര്‍ത്തിയശേഷം കഴുത്തില്‍ നിന്ന് മാലയും പൊട്ടിച്ചുകടന്നു. ഭരതന്നൂര്‍ ലെനിന്‍കുന്നില്‍ രാജന്റെ വീട്ടിലും അന്നേദിവസം രാത്രിയില്‍ മോഷണശ്രമം നടന്നു.
ഇതിന്റെ തലേദിവസം പാങ്ങോട് പഴവിളയിലും വ്യാപക മോഷണം നടന്നു. പഴവിളയില്‍ ഉള്ള മദ്രസയുടെയും അപ്പൂപ്പന്‍പാറ ക്ഷേത്രത്തിന്റെയും കാണിക്കവഞ്ചികളാണ് കവര്‍ന്നത്. പഴവിള ബഷീറിന്റെ വീട്ടില്‍ നിന്ന് 25 റബര്‍ഷീറ്റുകള്‍, അതിനടുത്ത് കാസിമിന് വീട് വയ്ക്കുന്നതിനായി കൊണ്ടിട്ടിരുന്ന കട്ടിളകളും ജനലുകളും ഇവിടെയുള്ള ഷാജിയുടെ കിണറ്റിലെ മോട്ടോര്‍ എന്നിവയും മോഷണം പോയി. കല്ലറ എ. ആര്‍.എസ് ജംഗ്ഷനില്‍ എസ്.എന്‍ ഭവനില്‍ മണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ച് കടന്ന കള്ളന്‍ പോക്കറ്റിലുണ്ടായിരുന്ന 28000 രൂപയുമെടുത്ത് സ്ഥലംവിട്ടു.


