വിതുര. പെന്റാവാലെന്റ് വാക്സിനേഷനെതിരെ ഹൈക്കോടതിയില്‍ കേസ് എത്തിയതു പുതിയ വഴിത്തിരിവായി. വാക്സിന് എടുത്തതിന്റെ പിറ്റേദിവസം മരണപ്പെട്ട രണ്ടു മാസം പ്രായമുള്ള വിതുര അന്‍സിയുടെ മാതാവ് വിതുര ചെറ്റച്ചല്‍ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ ഷാജിലാ ബീവിയാണു പെന്റാവാലെന്റ് വാക്സിന് ഉടന്‍ നിര്‍ത്തണമെന്നും മകള്‍ മരിച്ചതിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസിനെ തുടര്‍ന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
തൊണ്ടമുള്ള്, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്ക്കെതിരെയുള്ള പെന്റാവാലെന്റ് വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനദിവസമായ 2011 ഡിസംബര്‍ 14നാണ് അന്‍സിക്കു വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ചു വാക്സിന് നല്‍കിയത്. പിറ്റേദിവസം രാവിലെ മരിച്ചു. ഉറക്കത്തില്‍ ശ്വാസകോശത്തില്‍ മുലപ്പാല്‍ കയറി ശ്വാസംമുട്ടി മരിച്ചെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്നു വ്യക്തമാക്കിയത്. മാത്രമല്ല, അന്‍സിക്കൊപ്പം വിതുര ആശുപത്രിയില്‍ വച്ചു പെന്റാവാലെന്റ് വാക്സിന് നല്കിയ മറ്റ് ഏഴു കുട്ടികള്‍ക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. മാത്രമല്ല, സംസ്ഥാനത്തു ലക്ഷത്തോളം കുട്ടികള്‍ക്കു പെന്റാവാലെന്റ് വാക്സിന് നല്‍കിയിരുന്നു.
സംഭവത്തെ തുടര്‍ന്നു ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിതുരയില്‍
എത്തി റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയപ്പോള്‍ കഥ മാറി. ശ്വാസനാളത്തില്‍ മുലപ്പാല്‍ കയറിയല്ല കുട്ടി മരിച്ചതെന്നും ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി റിയാക്ഷന് ആണു മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഏതെങ്കിലും മരുന്നിനോടോ മറ്റോ ശരീരം അമിതമായി പ്രതികരിക്കുന്നതാണു ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി റിയാക്ഷന്. ലക്ഷത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ മരണകാരണം മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറിതുമൂലമല്ലെന്നു വ്യക്തമായതോടെയാണു മാതാവ് ഷാജില ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. പെന്റാവാലെന്റ ്വാക്സിനെ കുറിച്ചു വിദഗ്ധമായ പഠനം നടത്തണമെന്നും അന്വേഷണസമിതിയെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പെന്റാവാലെന്റ് വാക്സിന് ഇപ്പോഴും നല്‍കുന്നുണ്ടെന്നും മരുന്നിനെ കുറിച്ചു പ്രത്യേക ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.


