തെന്നൂര്‍: തൂങ്ങിമരിച്ചയാളിന്റെ മൃതദേഹം പള്ളിയില്‍ ഖബറടക്കുന്നതിനെ ചൊല്ലി തര്‍ക്കം. മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ രാത്രി 8 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തെന്നൂര്‍ കൊച്ചുകരിക്കകം കുവൈറ്റ് മന്‍സിലില്‍ മുസ്തഫ- നസീമാബീവി ദമ്പതിമാരുടെ മകന്‍ മന്‍സൂര്‍ (33) ആണ് വെള്ളിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സമീപത്തെ കൊച്ചുകരിക്കകം മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ മൃതദേഹം ഖബറടക്കണം എന്ന തീരുമാനമാണ് തര്‍ക്കങ്ങള്‍ക്കും പോലീസ് ഇടപെടലിലും കൊണ്ടെത്തിച്ചത്.
പള്ളിക്കമ്മിറ്റി അറിയിച്ചതനുസരിച്ച് പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. രാവിലെ 11ന് തുടങ്ങിയ തര്‍ക്കങ്ങളും വാക്‌പോരുകളും 5 മണിവരെ തുടര്‍ന്നു.
മന്‍സൂര്‍ മൂന്നുവര്‍ഷം മുന്‍പ് ജമാ അത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌വാങ്ങി മറ്റൊരു സമുദായത്തിലെ സ്ത്രീയെ വിവാഹം കഴിച്ചു പോയതിനാല്‍ ഈ ജമാഅത്തിനു കീഴില്‍ ഖബറടക്കാന്‍ കഴിയില്ലെന്ന് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ അസീസ് ഹാജിയും സെക്രട്ടറി അന്‍വറും പോലീസിനെ അറിയിച്ചു.
സി.ഐ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍, മന്‍സൂറിന്റെ ബന്ധുക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം പള്ളിക്കു മുന്നിലുള്ള മന്‍സൂറിന്റെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനമായി.

