WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, February 27, 2012

കല്ലാര്‍-അംബാസമുദ്രം റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം


പാലോട്: പതിനായിരങ്ങള്‍ ചെലവിട്ട് രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച 'ട്രാവന്‍കൂര്‍ പാസ്‌വേ' എന്നറിയപ്പെടുന്ന കല്ലാര്‍-അംബാസമുദ്രം റോഡ് വീണ്ടും യാത്രായോഗ്യമാക്കണമെന്ന് ആവശ്യം. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തുനിന്നും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലേക്കുള്ള യാത്രാദൂരം 35 കിലോമീറ്ററായി കുറയും. നിലവില്‍ 240 കിലോമീറ്റര്‍ ദൈര്‍ഘ്യം പിന്നിട്ടാണ് തിരുനെല്‍വേലിയില്‍ എത്തുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിന്റെയും ചെറുത്തുനില്പിന്റെയും നിരവധി ചോരവീണ കഥകളുള്ള പാതയാണ് ട്രാവന്‍കൂര്‍ പാസ്‌വേ.

ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്‌നാടിനേയും കേരളത്തിലെ ഒമ്പത് എസ്റ്റേറ്റുകളേയും ബന്ധിപ്പിച്ചിരുന്ന ഈ പാതയ്ക്ക് സമ്പന്നമായൊരു ഭൂതകാലമാണുണ്ടായിരുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മറവപ്പട നടത്തിയ രക്തരൂഷിതമായ ചെറുത്തുനില്പുകള്‍ ഇതില്‍ഉള്‍പ്പെടും. തിരുവിതാംകൂറിനേയും തമിഴ്‌നാടിനേയും ബന്ധിപ്പിക്കുന്ന പാതയായതിനാലാണ് ഇതിന് 'ട്രാവന്‍കൂര്‍ പാസ്‌വേ' എന്ന പേര് നല്‍കിയത്.

കുളത്തൂപ്പുഴ-കല്ലാര്‍-തിരുനെല്‍വേലി എന്നിവയെ ബന്ധിപ്പിച്ച് പാത വികസിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നതായി തിരുവിതാംകൂര്‍ രേഖകളില്‍ കാണാം. നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ തുടങ്ങി തിരുനെല്‍വേലിയിലെ പാപനാശത്താണ് പാത അവസാനിക്കുന്നത്. നിലവില്‍ ഈ സ്ഥലത്ത് എത്തിച്ചേരണമെങ്കില്‍ 140 കിലോമീറ്റര്‍ ചുറ്റി പത്ത് മണിക്കൂര്‍ ചെലവഴിക്കണം.

1863-ലെ റീസര്‍വേ റിപ്പോര്‍ട്ടില്‍ ഈ പാതയുടെ വിശദാംശങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. 1956 വരെ പൊതുമരാമത്ത് വകുപ്പ് ഈ റോഡിന്റെ മേല്‍നോട്ടം ഏറ്റെടുത്തിരുന്നു. കൂടാതെ 1976 വരെ ഈ പാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നതായി വിതുര പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിലുമുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ 'ട്രാവന്‍കൂര്‍ പാസ്‌വേ' പാടെ ഒഴിവാക്കുകയായിരുന്നു. കേരളം കൈയൊഴിഞ്ഞ ഈ പാതയില്‍ പാണ്ടിപ്പത്ത് വരെയുള്ള അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട് സര്‍ക്കാര്‍ റോഡ് സഞ്ചാര യോഗ്യമാക്കുന്നുണ്ട്. റോഡ് ഗതാഗതയോഗ്യമാവുകയാണെങ്കില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ നെടുമങ്ങാട്ട് എത്തിക്കാന്‍ എളുപ്പമാകും. കൂടാതെ വനപാതയായതിനാല്‍ ഇക്കോ-ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാകും.