പാലോട്. 49ാമതു പാലോട് കാര്‍ഷിക കലാവ്യാപാര മേളയ്ക്കും വിനോദ സഞ്ചാരവാരാഘോഷത്തിനും ഇന്നു സമാരംഭം കുറിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ നൂറിലേറെ പ്രദര്‍ശന വിപണന സ്റ്റാളുകളും അമ്യൂസ്മെന്റ് പാര്‍ക്കും മേളയില്‍ പ്രവര്‍ത്തിക്കും. ആറു വയസ്സിനു താഴെ പ്രയമുള്ള കുട്ടികള്‍ക്കായി പുഞ്ചിരി മല്‍സരം, ഇരട്ടകളുടെ സംഗമം, തേങ്ങാ പൊതിക്കല്‍, ഓലമെടയല്‍, ഗ്രാമീണ കലാകാരന്‍മാരുടെ കൂട്ടായാമ, കടങ്കഥ, പഴഞ്ചൊല്ല് മല്‍സരം, വടംവലി, വിവിധ സെമിനാറുകള്‍, കാവ്യ സന്ധ്യ, വിവിധ മേഖലകളില്‍പ്പെട്ടവരെ ആദരിക്കല്‍, മെഡിക്കല്‍ ക്യാംപുകള്‍, ഫോട്ടോ പ്രദര്‍ശനം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, കുടുംബശ്രീ സംഗമം, കലാസന്ധ്യകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇന്നു രാവിലെ ഏഴിനു മേള വി.കെ. മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിനു കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. എ. സമ്പത്ത് എംപി മുഖ്യപ്രഭാഷണവും പാലോട് രവി എംഎല്‍എ സാംസ്കാരിക മേള ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ പ്രതിഭകളെ ആദരിക്കലും മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കും. രാത്രി ഒന്‍പതിനു സ്നേഹനിലാവ് നാടകം നടക്കും.