കല്ലറ : ഭരതന്നൂര്‍ ശിവക്ഷേത്രം, കണ്ണന്‍പാറ വഴി കടയ്ക്കലിലേക്ക് ബസ് സര്‍വീസ് തുടങ്ങണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധിതവണ വകുപ്പുമന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.കെ.എസ്.ആര്‍.ടി.സി അധികൃതരും പലതവണ ഇവിടെയെത്തി റൂട്ട് നോക്കിപ്പോയി. മോശമെന്ന് പറഞ്ഞ റോഡിന്റെ ഭാഗങ്ങള്‍ നാട്ടുകാര്‍തന്നെ ശരിയാക്കിയതാണ് ആകെയുള്ള നേട്ടം. വന്‍തുക ഇതിനായി ഇവര്‍ക്ക് ചെലവാക്കേണ്ടി വന്നു. എന്നാല്‍, ബസോ ബസ് റൂട്ട് അനുവദിപ്പിച്ച് തരാമെന്ന് പറഞ്ഞവരെയോ പിന്നീട് കണ്ടില്ല. സഞ്ചാരയോഗ്യമായ റോഡ് ഉണ്ടായിട്ടും ബസ് കാത്തിരിപ്പിനിടയില്‍ ജീവിതം നടന്ന് തീര്‍ത്തവരാണ് ഒരു തലമുറ. ഇനിയുള്ളവര്‍ക്ക് കൂടി ഈഗതി വരുത്തരുതേയെന്നാണ് ഇവര്‍ക്ക് അധികൃതരോടുള്ള അഭ്യര്‍ത്ഥന.