തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്ഥലം എം.എല്‍.എ. കൂടിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഒരു വനിതാ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ശിശുരോഗ വിദഗ്ദ്ധനെ നിയമിക്കും. വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അവധിയില്‍ പോയ ഡോക്ടര്‍മാരെ അവധി അവസാനിപ്പിച്ച് ഉടനെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ കുറവ് പരിഹരിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്താനും തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.