പാലോട്. ഒരാഴ്ചമുന്‍പ് പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഇടിച്ചു കയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. നന്ദിയോട് പഞ്ചായത്തിലെ മുത്തുകാവ് ആലംപാറ ക്ഷേത്രം റോഡിലാണു നാട്ടുകാര്‍ പണി തടഞ്ഞത്. നേരത്തേ മതില്‍ കെട്ടുന്നതു വിവാദമായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നിര്‍ണയിച്ച അതിര്‍ത്തി അവഗണിച്ചാണു വീണ്ടും പഞ്ചായത്ത് വക റോഡിലേക്ക് ഇറക്കി കെട്ടിയതെന്നു നാട്ടുകാര്‍ പറഞ്ഞു.
പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ ആലംപാറ ദേവീക്ഷേത്രത്തിലേക്കുള്ള റോഡാണിത്. ഗതാഗതത്തിരക്കുള്ള റോഡിന്റെ ഇരുവശവും ജനവാസമേഖലയാണ്. റോഡ് ഇടിച്ചയാളില്‍നിന്നു നഷ്ടം ഈടാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പണി നിര്‍ത്തിവയ്പിച്ചു.


